എബോള വൈറസ് വ്യാപനം; യാത്രക്കാര്‍ക്ക് അടിയന്തര നിര്‍ദ്ദേശം പുറപ്പെടുവിച്ച്‌ എയര്‍ലൈൻ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് എമിറേറ്റ്സ്

ദുബായ്: ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് ബാധ അതിവേഗം പടരുന്ന സാഹചര്യത്തില്‍ എമിറേറ്റ്‌സ് എയർലൈൻ യാത്രക്കാർക്കായി അടിയന്തര യാത്രാ നിർദ്ദേശം പുറപ്പെടുവിച്ചു. നിരവധി രാജ്യങ്ങള്‍ അതിർത്തികളില്‍ പരിശോധനയും കടുത്ത യാത്രാ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതിനെ തുടർന്നാണിത്. എബോള വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ യാത്ര പുറപ്പെടുന്നതിന് മുൻപായി അതാത് രാജ്യങ്ങളിലെ ഔദ്യോഗിക സർക്കാർ വെബ്‌സൈറ്റുകള്‍ വഴി വിസ, പ്രവേശന നിയമങ്ങള്‍ എന്നിവ പരിശോധിച്ച്‌ കൃത്യത വരുത്തണമെന്ന് എമിറേറ്റ്‌സ് യാത്രക്കാരോട് ആവശ്യപ്പെട്ടു.

 

യാത്രക്കാർ തങ്ങളുടെ വിമാനങ്ങളുടെ സമയവിവരം എയർപോർട്ടിലേക്ക് പുറപ്പെടുന്നതിന് മുൻപ് പരിശോധിക്കണം. യാത്രാ തടസ്സങ്ങള്‍ നേരിടുന്നവർക്ക് ദുബായ് വഴിയുള്ള തുടർന്നുള്ള കണക്റ്റിങ് ഫ്ലൈറ്റുകള്‍ ഉള്‍പ്പെടെ അടുത്ത ലഭ്യമായ വിമാനങ്ങളില്‍ റീബുക്ക് ചെയ്യാൻ എമിറേറ്റ്‌സ് സൗകര്യം ഒരുക്കും. കൂടാതെ, ടിക്കറ്റ് കാലാവധിക്കും നിരക്കിലെ വ്യത്യാസങ്ങള്‍ക്കും വിധേയമായി യാത്രക്കാർക്ക് ടിക്കറ്റ് തീയതി സൗജന്യമായി ഒരു തവണ മാറ്റാനുള്ള പ്രത്യേക ആനുകൂല്യവും എമിറേറ്റ്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്.

 

എബോള വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, യുഗാണ്ട, സൗത്ത് സുഡാൻ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദേശ യാത്രക്കാർക്ക് ബഹ്‌റൈൻ താല്‍ക്കാലിക പ്രവേശന വിലക്ക് ഏർപ്പെടുത്തി. പൊതുജനാരോഗ്യം മുൻനിർത്തി ഇത്തരമൊരു മുൻകരുതല്‍ യാത്രാ വിലക്ക് പ്രഖ്യാപിക്കുന്ന ആദ്യ ഗള്‍ഫ് രാജ്യമാണ് ബഹ്‌റൈൻ. സമാനമായി ജോർദാനും കോംഗോ, യുഗാണ്ട എന്നിവിടങ്ങളില്‍ നിന്നുള്ളവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

 

എബോളയുമായി ബന്ധപ്പെട്ട ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ രാജ്യം പൂർണ്ണ സജ്ജമാണെന്ന് യുഎഇ ആരോഗ്യ മന്ത്രാലയവും നാഷണല്‍ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും വ്യക്തമാക്കി. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ച്‌ രാജ്യത്തെ ആരോഗ്യ നിരീക്ഷണ സംവിധാനങ്ങള്‍ നിരന്തരം വിലയിരുത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

 

ആശങ്കയോടെ ലോകാരോഗ്യ സംഘടന

 

ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മെയ് പകുതിയോടെ പടർന്നുപിടിച്ച എബോള ബാധയെ തുടർന്ന് ഇതുവരെ ആയിരത്തിലധികം പേർക്ക് രോഗബാധ സംശയിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടുണ്ട്. ഇതില്‍ 10 പേരുടെ മരണം സ്ഥിരീകരിക്കുകയും 223 മരണങ്ങള്‍ എബോള മൂലമാണെന്ന് സംശയിക്കുകയും ചെയ്യുന്നു.

 

നിലവില്‍ പടരുന്നത് എബോളയുടെ ‘ബുണ്ടിബുഗ്യോ’എന്ന അപകടകരമായ വകഭേദമാണ്. ഇതിനെതിരെ നിലവില്‍ അംഗീകൃത വാക്‌സിനുകളോ ഫലപ്രദമായ ചികിത്സകളോ ലഭ്യമല്ല എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. പതിറ്റാണ്ടുകളായി ആഭ്യന്തര സംഘർഷം നിലനില്‍ക്കുന്ന കിഴക്കൻ കോംഗോയിലാണ് രോഗവ്യാപനം കൂടുതല്‍ എന്നതിനാല്‍ പ്രതിരോധ പ്രവർത്തനങ്ങള്‍ കടുത്ത വെല്ലുവിളി നേരിടുകയാണെന്ന് ലോകാരോഗ്യ ഡയറക്ടർ ജനറല്‍ ടെഡ്രോസ് അദാനോം ഗബ്രിയേസസ് മുന്നറിയിപ്പ് നല്‍കി. സ്ഥിതിഗതികള്‍ വിലയിരുത്താനും പ്രതിരോധ സംഘത്തിന് പിന്തുണ നല്‍കാനുമായി അദ്ദേഹം കോംഗോ സന്ദർശിക്കുകയാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *