ജില്ലയില്‍ കൂടുതല്‍ മഴ മാപിനികള്‍ സ്ഥാപിക്കും: മന്ത്രി. ടി സിദ്ധീഖ്

കൽപറ്റ:ദുരന്ത സാധ്യത പരിഗണിച്ച് ജില്ലയില്‍ കൂടുതല്‍ മഴ മാപിനികള്‍ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള കൃഷി വകുപ്പ് മന്ത്രി ടി.സിദ്ധീഖ് പറഞ്ഞു. മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഉപയോഗ ശൂന്യമായതും അപകടാവസ്ഥയിലുള്ളതുമായ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനും അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

 

ജില്ലയില്‍ 192 ദുരന്ത സാധ്യതാ പ്രദേശങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഏതെങ്കിലും വിധത്തിലുള്ള ദുരന്തങ്ങളുണ്ടായാല്‍ ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിന് 251 ക്യാമ്പുകള്‍ സജ്ജീകരിക്കാന്‍ സാധിക്കും. ഇവിടേക്ക് 30330 പേരെ മാറ്റിപ്പാര്‍പ്പിക്കാന്‍ കഴിയും. മഴക്കാല മുന്നൊരുക്കങ്ങള്‍ക്കും ക്യാമ്പ് സജ്ജീകരണത്തിനുമായി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഒരു കോടി രൂപ നല്‍കി. തദ്ദേശ സ്ഥാപന തലത്തില്‍ മഴക്കാല മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

 

ശക്തമായ മഴയില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ ഇന്റര്‍ സ്റ്റേറ്റ് ഏകോപനമുണ്ടാവണമെന്നും മന്ത്രി പറഞ്ഞു. ആന്റിവെനം, മരുന്നുകള്‍ എന്നിവ ആവശ്യത്തിന് സ്റ്റോക്ക് ചെയ്യണം. ഗോത്രവിഭാഗക്കാരുടെ വീടുകള്‍ സംരക്ഷിക്കുന്നതിന് ഷീറ്റുകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണം. തകര്‍ന്ന റോഡുകള്‍ മഴ ശക്തിപ്പെടുന്നതിന് മുമ്പ് തന്നെ ഗതാഗത യോഗ്യമാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.

 

ദുരന്ത സാധ്യതാ മേഖലകളില്‍ താമസിക്കുന്ന മുഴുവന്‍ എസ്റ്റേറ്റ് തൊഴിലാളികളടേയും വിവര ശേഖരണം നടത്തണം. ഇവര്‍ താമസിക്കുന്ന വീടുകളുടേയും കെട്ടിടങ്ങളുടേയും ഫിറ്റ്നസ് പരിശോധിക്കണം. സ്‌കൂളുകളിലെ കുടിവെള്ളം പരിശോധിച്ച് ഉപയോഗ യോഗ്യമാണെന്ന് ഉറപ്പ് വരുത്തണം. ഭക്ഷ്യ വിഷബാധ തടയുന്നതിനുള്ള നടപടികളും സ്വീകരിക്കണം. ശക്തമായ മഴയുള്ള ദിവസങ്ങളില്‍ രണ്ട് നേരം മഴയുടെ തോത് അളന്ന് സ്ഥിതിഗതികള്‍ വിലയിരുത്താനും യഥാസമയം പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

 

ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ, ജില്ലാ പൊലീസ് മേധാവി അരുണ്‍ കെ പവിത്രന്‍, എ.ഡി.എം എ ജയശ്രീ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എം.കെ ഇന്ദു, ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വരുണ്‍ ഡാലിയ, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *