തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ആണ് യെല്ലോ അലര്‍ട്ട് ഉള്ളത്. ഈ ജില്ലകളല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
അതിനിടെ കാത്തിരിപ്പിനൊടുവില്‍ നാളെ മുതല്‍ മണ്‍സൂണ്‍ എത്തും എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നേരത്തെ മേയ് 26 മുതല്‍ കാലവര്‍ഷം എത്തും എന്നായിരുന്നു പ്രവചനം. എന്നാല്‍ കാലവര്‍ഷം ഒരാഴ്ച കൂടി വൈകുകയായിരുന്നു. അതേസമയം സംസ്ഥാനത്ത് ഈ ദിവസങ്ങളില്‍ വേനല്‍മഴ ലഭിച്ചിരുന്നു. നാളെ മണ്‍സൂണ്‍ വരവ് കണക്കിലെടുത്ത് മഴ കനക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

