സംസ്ഥാനത്ത് ഇത്തവണത്തെ ഓണാഘോഷം മഴ കൊണ്ടുപോയേക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച മുതൽ ചില മേഖലകളിൽ ശക്തമായ മഴ ലഭിച്ചേക്കും.
ഞായറാഴ്ച വടക്കൻ കേരളത്തിലെ നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ചയോടെ മഴ മധ്യകേരളത്തിലേക്ക് വ്യാപിക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലേർട്ട് ആണ്. ചൊവ്വാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കുകിഴക്കൻ മധ്യപ്രദേശിനും സമീപപ്രദേശങ്ങൾക്കും മുകളിൽ ന്യൂനമർദ്ദം തുടരുന്നുവെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ ബംഗാൾ ഉൾക്കടലിനും ബംഗ്ലാദേശിനും മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. വടക്കൻ ആന്ധ്രാപ്രദേശ്-തെക്കൻ ഒഡിഷ തീരത്തിന് സമീപം, മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിൽ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി കേരളത്തിൽ 2026 ആഗസ്റ്റ് 21 മുതൽ 25 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ആഗസ്റ്റ് 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു
യെല്ലോ അലേർട്ട്
23/08/2026: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
24/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ
25/08/2026: കോട്ടയം, ഇടുക്കി, എറണാകുളം
