മങ്കട:മദ്യലഹരിയിൽ സ്കൂൾ ബസ് ഓടിച്ച ഡ്രൈവറെ മങ്കട പോലീസ് അറസ്റ്റ് ചെയ്തു. വടക്കാങ്ങര സ്കൂൾ ബസ് ഡ്രൈവറായ ഉരുണിയേങ്ങൽ ഫക്കറുദ്ദീനെ (34) ആണ് പോലീസ് പിടികൂടിയത്.സ്കൂൾ വിട്ട സമയത്ത് കുട്ടികളെ കയറ്റുന്നതിനായി സ്കൂളിന് സമീപത്തേക്ക് ബസ് ഓടിച്ചെത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന സംശയം തോന്നിയ നാട്ടുകാർ ഉടൻ തന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞയുടൻ മങ്കട പോലീസ് സംഘം സ്ഥലത്തെത്തി ബസ് തടയുകയും പരിശോധന നടത്തുകയും ചെയ്തു. മദ്യപിച്ച് വാഹനം ഓടിച്ചതായി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.വിദ്യാർത്ഥികളുടെ സുരക്ഷയെക്കരുതി നാട്ടുകാർ കാണിച്ച ജാഗ്രത വലിയൊരു ദുരന്തം ഒഴിവാക്കി.

