തിരുവനന്തപുരം: നെയ്യാറ്റിന്‍കര താലൂക്കിലെ വെള്ളറടയ്ക്ക് സമീപം പേണുവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കേരള-തമിഴ്‌നാട് അതിര്‍ത്തി മേഖലയിലാണ് സംഭവം. കാഞ്ഞിരംപാറ സ്വദേശിയായ രാജേഷ് ആണ് കൊല്ലപ്പെട്ടത്. കൃഷിയിടത്തിലേക്ക് ഇറങ്ങിയ കാട്ടാനയെ വിരട്ടിയോടിച്ച ശേഷം സമീപത്തെ പാറക്കെട്ടിലേക്ക് കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് രാജേഷിന് നേരെ ആക്രമണമുണ്ടായത്. കാട്ടാനയുടെ കുത്തേറ്റ രാജേഷിന് നെഞ്ചിലും വയറിലും ഗുരുതര പരിക്കേറ്റു. സംഭവസ്ഥലത്ത് വച്ചുതന്നെ അദ്ദേഹം മരിച്ചതായി അധികൃതര്‍ അറിയിച്ചു.
കൂട്ടപ്പൂവിന് സമീപമുള്ള കരിഞ്ചിറപേണു മേഖലയില്‍ നാലു കാട്ടാനകളാണ് ഇറങ്ങിയതെന്ന് വനപാലകര്‍ അറിയിച്ചു. ഇതില്‍ രണ്ടെണ്ണം വനത്തിലേക്ക് മടങ്ങിയെങ്കിലും മറ്റു രണ്ടെണ്ണം തമിഴ്‌നാട് അതിര്‍ത്തിയോടു ചേര്‍ന്ന ജനവാസ മേഖലകളില്‍ തുടരുകയാണ്. ഇവയെ വനത്തിലേക്ക് തിരിച്ചയക്കാനുള്ള ശ്രമം തുടരുകയാണെന്ന് വനം വകുപ്പ് അറിയിച്ചു. കുരങ്ങ്, കാട്ടുപന്നി, കാട്ടുപോത്ത് തുടങ്ങിയ വന്യജീവികളുടെ സാന്നിധ്യം പ്രദേശത്ത് പതിവാണെങ്കിലും കാട്ടാനകള്‍ ജനവാസ മേഖലയിലേക്ക് എത്തുന്നത് ആദ്യമായാണെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രാത്രി സമയങ്ങളില്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു
.

