കോഴിക്കോട്: സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. മായനാട് മേലെ തട്ടാരി ഷബീർ, ഷമീന ദമ്പതികളുടെ മൂത്ത മകൻ അലി അഫാൻ (18) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 8.30ഓടെ മെഡിക്കൽ കോളജ് കാരന്തൂർ റോഡിൽ മായനാട് ഒഴുക്കര ബസാറിന് സമീപം വെച്ചാണ് അപകടം.
നരിക്കുനി നിന്നും കോഴിക്കോട്ടേക്ക് വരുന്ന സെന്ന എന്ന സ്വകാര്യ ബസും യുവാവ് ഓടിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ് അലി അഫാനെ ഉടൻ തന്നെ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു.
ചേന്നമംഗല്ലൂർ ഹയർസെക്കന്ററി സ്കൂളിൽ എസ്.എസ്.എൽ.സി കഴിഞ്ഞ് കെ.സി ഫൗണ്ടേഷനിൽ ഖുർആൻ പഠിച്ചു കൊണ്ടിരിക്കയായിരുന്നു അലി അഫാൻ. മെഡിക്കൽ കോളജ് പൊലിസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മായനാട് എ.യു.പി സ്കൂളിൾ പൊതു ദർശനത്തിന് വെച്ചു. മായനാട് കോട്ടോ തടായി മഹല്ല് പള്ളി ഖബർസ്ഥാനിൽ സംസ്കരിച്ചു. സഹോദരങ്ങൾ: അലി സയാൻ, അലി അബാൻ, അലീഷ.

