ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളും ആറുവരിപ്പാതയില്‍ കയറരുത്; കോഴിക്കോട് കര്‍ശന നിയന്ത്രണം

രാമനാട്ടുകര:ആറുവരിപ്പാതയായി വികസിപ്പിച്ച ദേശീയപാത 66 ല്‍ ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുന്നു. രാമനാട്ടുകര മുതല്‍ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസില്‍ ആണ് ആറുവരി പാതയിലൂടെ ഇരുചക്രവാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും നിരോധനം നടപ്പാക്കുന്നത്. ദേശീയപാതാ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ തന്നെ ഇവിടങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ വെച്ചിരുന്നു.

 

ഇരുചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷ, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളൊന്നും ആറുവരിപ്പാതയില്‍ കയറരുത് എന്നും സര്‍വീസ് റോഡിലൂടെ മാത്രം പോകണം എന്നും പറഞ്ഞുള്ള മുന്നറിയിപ്പ് ബോര്‍ഡുകളായിരുന്നു ഇത്. നേരത്തെ തന്നെ ഇത് സംബന്ധിച്ച വിലക്കുണ്ടായിരുന്നെങ്കിലും കര്‍ശനമാക്കിയിരുന്നില്ല. ഇനി മുതല്‍ ഇത് കര്‍ശനമാക്കും എന്നാണ് ദേശീയപാതാ അതോറിറ്റി വ്യക്തമാക്കുന്നത്.

 

ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും ആറുവരി പാതയില്‍ കയറുന്നത് തടയാന്‍ കര്‍ശന നടപടികള്‍ തുടങ്ങിയെന്നും ഘട്ടം ഘട്ടമായി ബൈപ്പാസിലെ എല്ലാ പോയിന്റുകളിലും വിലക്ക് നടപ്പാക്കുമെന്നും ദേശീയപാതാ അതോറിറ്റി പ്രോജക്‌ട് ഡയറക്ടര്‍ പ്രശാന്ത് ദുബെ പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആളുകളുടെ സുരക്ഷയ്ക്കുവേണ്ടിയാണ് ഇത്തരമൊരു നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

മഴ കൂടി പെയ്യുന്ന സാഹചര്യത്തില്‍ നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ തന്നെയാണ് ദേശീയപാതാ അതോറിറ്റിയുടെ തീരുമാനം. ഓവര്‍ടേക്ക് ചെയ്യാനുള്ള മൂന്നാമത്തെ വരിയിലൂടെ വരെ ഇരുചക്രവാഹനങ്ങള്‍ അതിവേഗത്തില്‍ പോകുന്നത് പലപ്പോഴും അപകടങ്ങള്‍ക്കിടയാക്കാറുണ്ട്. ഇതെല്ലാം പരിഗണിച്ച്‌ കഴിഞ്ഞ ദിവസം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ പദം സിംഗിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് നിരോധനം കര്‍ശനമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

 

നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. രാമനാട്ടുകര മുതല്‍ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസില്‍ സര്‍വീസ് റോഡ് നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. കൊടല്‍നടക്കാവ് – പന്തീരാങ്കാവ്, മെട്രോ ഹോസ്പിറ്റല്‍ – ഹൈലൈറ്റ് മാള്‍ എന്നിവിടങ്ങളില്‍ ആണ് സര്‍വീസ് റോഡ് നിര്‍മാണം തടസപ്പെട്ടിട്ടുള്ളത്. അഴിഞ്ഞിലം, മാമ്പുഴ പാലം എന്നിവിടങ്ങളില്‍ പാലം പണിയും പുരോഗമിക്കുകയാണ്.

 

അതിനിടെ ആറുവരിപ്പാതയിലും സര്‍വീസ് റോഡിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് എന്നും ഇതിനെതിരെയും നടപടി ശക്തമാക്കും എന്നും അധികൃതര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ പൊലീസിന്റെ സഹായത്തോടെ ദേശീയപാതാ അതോറിറ്റി ക്രെയിന്‍ ഉപയോഗിച്ച്‌ നീക്കും. രാമനാട്ടുകര മുതല്‍ വെങ്ങളം വരെ 26 കിലോ മീറ്റര്‍ ആണ് ദൂരം.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *