വയനാട്ടിൽ രണ്ട് വിദ്യാർഥികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചു: പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ്; മന്ത്രി കെ. മുരളീധരൻ നാളെ വയനാട്ടിൽ

സുൽത്താൻ ബത്തേരി: വയനാട് കോളിയാടി മാർ ബസേലിയോസ് എ.യു.പി സ്കൂളിലെ രണ്ട് വിദ്യാർഥികൾക്ക് ഷിഗല്ല ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്‌ച മുതൽ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് സുൽത്താൻ ബത്തേരിയിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലായിരുന്ന വിദ്യാർഥികളുടെ പരിശോധനാഫലമാണ് തിങ്കളാഴ്ച പുറത്തുവന്നത്.

 

പനി, വയറിളക്കം, ഛർദി എന്നീ ലക്ഷണങ്ങളോടെ മുന്നൂറോളം വിദ്യാർഥികളാണ് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്. ആശുപത്രി വിട്ടുപോയ കുട്ടികളിൽ പലരും സമാന ലക്ഷണങ്ങളോടെ വീണ്ടും ചികിത്സ തേടിയെത്തുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

 

ഷിഗല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ആരോഗ്യമന്ത്രി കെ. മുരളീധരൻ ചൊവ്വാഴ്ച വയനാട് സന്ദർശിക്കും. കോഴിക്കോട് മെഡിക്കൽ കോളേജ് പീഡിയാട്രിക് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ഷബീലിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്‌ധസംഘം ഇതിനോടകം ആശുപത്രികൾ സന്ദർശിച്ച് കുട്ടികളെ പരിശോധിച്ചിട്ടുണ്ട്. ബത്തേരി താലൂക്കാശുപത്രി, അമ്പലവയൽ എഫ്.എച്ച്.സി, കുട്ടികളെ പ്രവേശിപ്പിച്ച മറ്റ് സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലാണ് സംഘം പരിശോധന നടത്തിയത്.

കുട്ടികളുടെ രക്തം, മലം എന്നിവയുടെ സാമ്പിളുകൾ കഴിഞ്ഞ ദിവസംതന്നെ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിരുന്നു. നിലവിൽ ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ആശുപത്രി വിട്ട് വീട്ടിലെത്തിയാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ആരോഗ്യവിദഗ്ധർ രക്ഷിതാക്കൾക്കും കുട്ടികൾക്കും കൃത്യമായ നിർദേശങ്ങൾ നൽകിയതായും അറിയിച്ചു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *