ബജറ്റ് വെള്ളിയാഴ്ച; പിറക്കുന്നത് പുതുചരിത്രം, ക്ഷേമ പെന്‍ഷന്‍ കൂട്ടുമോ, പ്രതീക്ഷയില്‍ കേരളം

കേരളത്തിന്റെ 79ാം ബജറ്റാണ് വെള്ളിയാഴ്ച. വിസ്മയങ്ങള്‍ പ്രതീക്ഷിക്കുകയാണ് കേരളം. ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. നാല് ഇന്ദിരാ ഗ്യാരണ്ടി പദ്ധതികള്‍ നടപ്പാക്കാനുള്ള നിര്‍ദേശങ്ങളുണ്ടായേക്കും. ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രഖ്യാപനം പ്രതീക്ഷിക്കാം. വയോജനങ്ങള്‍ക്കുള്ള സുപ്രധാന പ്രഖ്യാപനങ്ങളുണ്ടാകും.

 

മുഖ്യമന്ത്രിയായിരിക്കെ ബജറ്റ് അവതരിപ്പിച്ച ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രി ആര്‍ ശങ്കര്‍ ആണ്. പിന്നെ ഉമ്മന്‍ ചാണ്ടിയും. കെഎം മാണി രാജിവച്ച പശ്ചാത്തലത്തിലായിരുന്നു ഉമ്മന്‍ ചാണ്ടി ധനവകുപ്പ് ഏറ്റെടുത്തതും ബജറ്റ് അവതരിപ്പിച്ചതും. ഇപ്പോള്‍ ധനവകുപ്പ് മുഖ്യമന്ത്രി വിഡി സതീശന് കീഴിലാണ്. വിഡി സതീശന്‍ മറ്റുള്ളവരില്‍ വ്യത്യസ്തമാണ്.

 

അദ്ദേഹം ആദ്യമായിട്ടാണ് മന്ത്രിയാകുന്നതും മുഖ്യമന്ത്രിയാകുന്നതും. അതുകൊണ്ടുതന്നെ ബജറ്റ് അവതരണത്തില്‍ മുന്‍പരിചയം ഇല്ല. ചുമതലയേറ്റ ആദ്യ ടേമില്‍ തന്നെ ബജറ്റ് അവതരിപ്പിക്കാന്‍ പോകുകയാണ്. അതും ഒരു മാസം തികയുമ്പോള്‍. സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ പറവൂര്‍ സ്വദേശിയാണ് വിഡി സതീശന്‍. കെടി ജോര്‍ജ് ആണ് ഇക്കാര്യത്തില്‍ ഒന്നാമന്‍.

 

പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അവതരിപ്പിക്കുന്ന ആദ്യ ബജറ്റ് എന്ന നിലയില്‍ വലിയ പ്രതീക്ഷകളാണ് സാമ്പത്തിക വിദഗ്ധരും കേരള ജനതയും വെച്ചുപുലര്‍ത്തുന്നത്. മുന്‍ സര്‍ക്കാര്‍ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ചിരുന്നതിനാല്‍ പദ്ധതി വിനിയോഗത്തിനുള്ള തുകകളില്‍ വലിയ മാറ്റങ്ങള്‍ വരുത്തുക പ്രായോഗികമല്ലെങ്കിലും, നിലവിലെ പദ്ധതികളുടെ കാര്യക്ഷമതയും മുന്‍ഗണനാക്രമവും പരിശോധിക്കുമെന്ന് കരുതപ്പെടുന്നു.

 

ബജറ്റിലെ പ്രധാന പ്രതീക്ഷകള്‍

 

അടിസ്ഥാന സൗകര്യ വികസനത്തിനായി ബജറ്റിന് പുറത്തുനിന്ന് കടമെടുത്ത് പദ്ധതികള്‍ നടപ്പാക്കുന്ന കിഫ്ബി അഴിച്ചുപണിയാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കിഫ്ബി എടുക്കുന്ന വായ്പകള്‍ സംസ്ഥാനത്തിന്റെ കടമെടുക്കല്‍ പരിധിയില്‍ ഉള്‍പ്പെടുമെന്ന കേന്ദ്ര നിലപാട് കണക്കിലെടുത്ത് നിലവിലെ ധനശേഖരണ രീതികളില്‍ മാറ്റം വരുത്തിയേക്കാം.

 

നികുതി പിരിവ് ഊര്‍ജിതമാക്കാനും ജിഎസ്ടി വിഹിതം കൃത്യമായി നേടിയെടുക്കാനും ബജറ്റില്‍ നിര്‍ദേശങ്ങള്‍ ഉണ്ടായേക്കും. ക്ഷേമപെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. നിലവില്‍ 62 ലക്ഷം പേരാണ് ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത്.

 

കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര ഫാസ്റ്റ് പാസഞ്ചറുകളിലേക്കും സ്വകാര്യ ബസുകളിലേക്കും വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ബജറ്റില്‍ പ്രഖ്യാപനങ്ങളുണ്ടാകാം. പുതിയ അതിവേഗ റെയില്‍ പദ്ധതി സംബന്ധിച്ച പരാമര്‍ശങ്ങളും ബജറ്റില്‍ ഇടംപിടിച്ചേക്കാം. പത്തുവര്‍ഷത്തിന് ശേഷം അധികാരത്തിലെത്തിയ യു.ഡി.എഫ് സര്‍ക്കാരിന്റെ ഈ കന്നി ബജറ്റ് ജനക്ഷേമകരമായ പദ്ധതികള്‍ക്ക് സാക്ഷ്യം വഹിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *