:തിരുവനന്തപുരംകുട്ടികൾക്ക് ഭാവിയിൽ വിവിധ സർക്കാർ ആനുകൂല്യങ്ങൾ തടസമില്ലാതെ ലഭിക്കുന്നതിന് ജനന സർട്ടിഫിക്കറ്റ് കിട്ടിയാലുടൻ ആധാർ എടുക്കാൻ ശ്രദ്ധിക്കണമെന്ന് സംസ്ഥാന ഐ.ടി മിഷൻ ഡയറക്ടർ സന്ദീപ് കുമാർ അറിയിച്ചു. നവജാത ശിശുക്കൾക്ക് ഉൾപ്പെടെ ആധാറിന് എൻ്റോൾ ചെയ്യാം. എന്നാൽ അഞ്ച് വയസുവരെയുള്ള കുട്ടികളുടെ ആധാർ എൻ്റോൾമെന്റ് സമയത്ത് വിരലടയാളവും കൃഷമണിയും ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കില്ല. മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് കുട്ടികൾക്ക് ആധാർ നൽകുന്നത്. ഇതിന് കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാൽ മതിയാവും.
അഞ്ച് വയസിലും 15 വയസിലും കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ നിർബന്ധമായും പുതുക്കണം. അഞ്ചു മുതൽ 17 വയസുവരെയുള്ള കുട്ടികളുടെ ഈ നിർബന്ധിത പുതുക്കൽ ഈ വർഷം സെപ്റ്റംബർ വരെ എല്ലാ ആധാർ കേന്ദ്രങ്ങളിലും സൗജന്യമാണ്. മാത്രമല്ല കൃത്യസമയത്ത് ബയോമെട്രിക് വിവരങ്ങൾ പുതുക്കാത്ത ആധാർ കാർഡുകൾ താത്കാലികമായി അസാധുവാകാൻ സാധ്യതയുണ്ട്. വിവിധ സ്കോളർഷിപ്പുകൾ, റേഷൻ കാർഡിൽ പേര് ചേർക്കൽ, സ്കൂൾ-കോളേജ് അഡ്മിഷനുകൾ, ഡിജിലോക്കൽ, അപാർ, പാൻ കാർഡ് തുടങ്ങിയവയ്ക്ക് ആധാർ നിർബന്ധമാണ്. കൃത്യസമയക്ക് ആധാറിലെ ബയോമെട്രിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ നീറ്റ്, ജെ.ഇ.ഇ, കീം പോലുള്ള പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുമ്പോൾ പ്രയാസങ്ങൾ നേരിടാൻ സാധ്യതയുണ്ടെന്നും ഐ.ടി മിഷൻ അധികൃതർ മുന്നറിയിപ്പ് നൽകി.

