കേരളത്തിലെ ‘ബംഗാളി ലോക’ത്ത് നിന്നും പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വാർത്തകൾ ‘തൃശ്ശൂരിലെ പെൺവാണിഭ കേന്ദ്രത്തിൽ പ്രവേശനം ‘അതിഥി’കൾക്ക് മാത്രം; ഇരുപത്തേഴുകാരനെ കൊലപ്പെടുത്തിയത് പണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നും’ തൃശൂർ: നഗരത്തിലെ വാടകവീട്ടില്‍ ക്രൂരമർദനത്തിനിരയായ ഒഡീഷ സ്വദേശി ധൻപതി നായിക് (27) മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.
കുറുപ്പം റോഡിന് സമീപമുള്ള കോരപ്പത്ത് ലെയ്‌നിലെ വാടകവീട്ടില്‍ വെച്ചാണ് യുവാവിനെ മർദിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയും പൊലീസ് അറസ്റ്റ് ചെയ്തു. അന്യസംസ്ഥാന തൊഴിലാളികള്‍ വാടകയ്‌ക്കെടുത്തിരുന്ന വീട് അനാശാസ്യ കേന്ദ്രമായി പ്രവർത്തിച്ചിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക കണ്ടെത്തല്‍. ഇതരസംസ്ഥാനക്കാർക്ക് മാത്രമായിരുന്നു ഇവിടെ പ്രവേശനമെന്നും പൊലീസ് പറയുന്നു.
പണവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് സംശയം. ജൂണ്‍ 18-നാണ് സംഭവം നടന്നത്. ഗുരുതരമായി പരുക്കേറ്റ ധൻപതി നായിക്കിനെ തൃശൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

