കോഴിക്കോട്: ഖത്തറിലെ ഗ്യാസ് പ്ലാന്റില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. പ്ലാന്റ് സൂപ്പര്‍ വൈസര്‍ തൂണേരി വെള്ളൂര്‍ സ്വദേശി അര്‍ജുന്‍(29) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് ഖത്തറിലെ റാസ് ലഫാന്‍ വ്യാവസായ കേന്ദ്രത്തിലെ പ്ലാന്റില്‍ സ്‌ഫോടനമുണ്ടായത്. അറ്റകുറ്റ പ്രവൃത്തികള്‍ക്കിടെയായിരുന്നു പൊട്ടിത്തെറി. അപകടത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 12 പേര്‍ ഇന്ത്യക്കാരാണെന്ന് ദോഹയിലെ ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു.
അപകടത്തില്‍ മരിച്ചവരില്‍ ഒരാള്‍ പാകിസ്താന്‍ സ്വദേശിയാണ്. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ടാന്‍സാനിയ, കെനിയ, നൈജീരിയ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 66 പേര്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് ഖത്തര്‍ എനര്‍ജി വ്യക്തമാക്കിയത്.
അപകടത്തില്‍ മരിച്ച ഇന്ത്യന്‍ പൗരന്‍മാരുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഖത്തര്‍ അധികൃതരുമായി ചേര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണെന്ന് എംബസി അറിയിച്ചിരുന്നു. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച ഇന്ത്യന്‍ എംബസി, ബാധിക്കപ്പെട്ട എല്ലാ ഇന്ത്യന്‍ കുടുംബങ്ങള്‍ക്കും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും വ്യക്തമാക്കി

