ഗ്യാസ് ക്ഷാമം തീര്‍ന്നിട്ടും ഹോട്ടല്‍ ഭക്ഷണത്തിന് തീവില

കോഴിക്കോട്: വാണിജ്യ പാചകവാതകത്തിന്റെ ക്ഷാമം തീര്‍ന്നിട്ടും ഹോട്ടലുകളില്‍ ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞില്ല. മിഡില്‍ ഈസ്റ്റ് യുദ്ധസമയത്ത് വാണിജ്യ പാചകവാതക വില വര്‍ധനക്കൊപ്പം സര്‍ക്കാര്‍ നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. ഇതുമൂലം കരിഞ്ചന്തയില്‍ നിന്ന് 5000 രൂപ വരെ കൊടുത്താണ് പാചകവാതകം വാങ്ങിയത്.

 

തുടര്‍ന്ന് ഹോട്ടലുകള്‍ ചായ മുതല്‍ ഊണിനും ബിരിയാണിക്കും വരെ ഹോട്ടലുടമകള്‍ വില വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍, നിലവില്‍ വാണിജ്യ പാചകവാതകത്തിനുള്ള നിയന്ത്രണം സര്‍ക്കാര്‍ നീക്കിയിരിക്കുകയാണ്. എന്നിട്ടും വില കുറക്കാന്‍ ഹോട്ടലുകള്‍ തയാറായിട്ടില്ല. വാണിജ്യ പാചകവാതകക്ഷാമത്തിന് മുമ്പ് ചായയുടെ വില തുടങ്ങിയിരുന്നത് 12 രൂപയിലായിരുന്നു. എന്നാല്‍, ഇന്ന് 15 രൂപയാണ് പല ഹോട്ടലുകളിലും ചായക്ക ഈടാക്കുന്നത്. എണ്ണക്കടികള്‍ക്ക് പലയിടുത്തും വില 20 രൂപയായിട്ടുണ്ട് 60 രൂപക്ക് ലഭിച്ചിരുന്ന ഊണിന്റെ വില 80നും മുകളിലാണ് ഇപ്പോഴുള്ളത്.

 

ബിരിയാണിക്കും മന്തിക്കുമെല്ലാം ഈ രീതിയില്‍ വില വര്‍ധനവുണ്ട്. അതേസമയം, നിലവിലെ സാഹചര്യത്തില്‍ വില കുറക്കാനാവില്ലെന്നാണ് ഹോട്ടലുടമകള്‍ സ്വീകരിക്കുന്ന നിലപാട്. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുവെങ്കിലും പാചകവാതകം സുഗമമായി ലഭിക്കാന്‍ തുടങ്ങിയിട്ടില്ല. യുദ്ധത്തിന് താല്‍ക്കാലിക വിരാമമുണ്ടായതിന് ശേഷവും പാചകവാതകത്തിന് 180 രൂപ മാത്രമാണ് കുറച്ചത്. 500 രൂപയെങ്കിലും പാചകവാതകത്തിന് കുറച്ചാല്‍ മാത്രമേ ഭക്ഷ്യവസ്തുക്കളുടെ വില കുറക്കാനാവുവെന്നാണ് ഹോട്ടലുടമകളുടെ നിലപാട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *