സുൽത്താൻ ബത്തേരി : അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനും ടൂറിസം മേഖലയുടെ വികസനം ലക്ഷ്യമിട്ടും വയനാട് ജില്ലയിൽ അഞ്ച് ഹെലിപ്പാഡുകൾ നിർമ്മിക്കുന്നു. സുൽത്താൻ ബത്തേരിയിൽ അടുത്തടുത്തായി രണ്ടെണ്ണം, അമ്പലവയൽ കാർഷിക ഫാം പരിസരം, ബാണാസുര സാഗർ അണക്കെട്ട് പരിസരം, തലപ്പുഴയിലെ മുനീശ്വരൻകുന്ന് എന്നിവിടങ്ങളിലാണ് ഹെലിപ്പാഡുകൾ ഒരുങ്ങുന്നത്.
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ‘സ്പെഷ്യൽ അസിസ്റ്റൻസ് ടു സ്‌റ്റേറ്റ്‌സ് ഫോർ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ്’ (എസ്.എ.എസ്.സി.ഐ) ഫണ്ട് ഉപയോഗിച്ച് ആറ് കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. റെയിൽവേ, വ്യോമ ഗതാഗത സൗകര്യങ്ങളില്ലാത്ത വയനാട്ടിൽ പ്രകൃതി ദുരന്തങ്ങൾ ഉൾപ്പെടെയുള്ള അടിയന്തര ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും വി.ഐ.പി കൾക്ക് ഉൾപ്പെടെ എത്തിച്ചേരാനും ഈ ഹെലിപ്പാഡുകൾ വലിയ സഹായമാകും.
ബത്തേരി സെന്റ് മേരീസ് കോളേജിന് സമീപം നിലവിലുള്ള ഹെലിപ്പാഡ് പുതുക്കിപ്പണിതാണ് ഒരേസമയം രണ്ട് ഹെലികോപ്റ്ററുകൾക്ക് ഇറങ്ങാൻ സാധിക്കുന്ന വിധത്തിൽ രണ്ട് ഹെലിപ്പാഡുകൾ നിർമ്മിക്കുന്നത്. 30 മീറ്റർ നീളത്തിലും 30 മീറ്റർ വീതിയിലുമാണ് ഇവയുടെ നിർമ്മാണം. ഇതിനോടൊപ്പം ഹെലിപ്പാഡുകളിലേക്കുള്ള റോഡ് സൗകര്യങ്ങളും ഒരുക്കും. ബത്തേരിയിൽ നിലവിൽ റോഡ് സൗകര്യമുണ്ടെങ്കിലും മറ്റ് മൂന്നിടങ്ങളിൽ പുതിയ റോഡുകൾ നിർമ്മിക്കേണ്ടതുണ്ട്.
സംസ്ഥാന പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് നിർമ്മാണം പുരോഗമിക്കുന്നത്. ആറു മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് കരാർ ഏറ്റെടുത്തിരിക്കുന്ന വി.ജെ. കൺസ്ട്രക്ഷൻസ് ഉടമ വിൻസെന്റ് വട്ടപ്പറമ്പിൽ അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഹെലിപ്പാഡുകൾ വരുന്നതോടെ അടിയന്തര സാഹചര്യങ്ങളിൽ ഏത് മേഖലയിലേക്കും വ്യോമമാർഗ്ഗം വേഗത്തിൽ എത്താൻ സാധിക്കും.
