കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജിനായി നേരത്തെ നിശ്ചയിച്ചിരുന്ന മടക്കിമലയിലെ ഭൂമിയിൽ അത്യാധുനിക സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കാനുള്ള പ്രാരംഭ നടപടികൾക്ക് തുടക്കമായി. ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി നൽകിയ 50 ഏക്കർ ഭൂമിയിലെ നിയമതടസ്സങ്ങൾ നീക്കി പദ്ധതി വേഗത്തിലാക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. വയനാട് മെഡിക്കൽ കോളേജിന്റെ ഭാഗമായി തന്നെയാകും ഈ ആശുപത്രിയുടെയും പ്രവർത്തനം.
2015-ൽ മെഡിക്കൽ കോളേജിനായി മടക്കിമലയിൽ തറക്കല്ലിട്ടിരുന്നുവെങ്കിലും പിന്നീട് പദ്ധതി മാനന്തവാടിയിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കൽ കോളേജ് സ്ഥാപിച്ചില്ലെങ്കിൽ ഭൂമി തിരികെ നൽകണമെന്ന വ്യവസ്ഥയുണ്ടായിരുന്നതിനാൽ, സ്ഥലം വിട്ടുനൽകിയ ട്രസ്റ്റ് കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെതിരെ ആരോഗ്യവകുപ്പ് മേൽക്കോടതിയിൽ നിന്ന് സ്റ്റേ സമ്പാദിച്ചതോടെയാണ് ഭൂമി സർക്കാരിന്റെ പക്കൽ തന്നെ നിലനിന്നത്.
നിലവിൽ മാനന്തവാടി അമ്പുകുത്തിയിൽ മെഡിക്കൽ കോളേജിനായി ഭൂമി ഏറ്റെടുക്കുന്നതിൽ നേരിടുന്ന സാങ്കേതിക പ്രതിസന്ധികൾ കണക്കിലെടുത്താണ് മടക്കിമലയിലെ ഭൂമി പ്രയോജനപ്പെടുത്താൻ സർക്കാർ ഒരുങ്ങുന്നത്. മെഡിക്കൽ കോളേജ് മാനന്തവാടിയിൽ നിലനിർത്തിക്കൊണ്ടുതന്നെ, മടക്കിമലയിൽ സമാനതകളില്ലാത്ത ചികിത്സാ സൗകര്യങ്ങളുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കാനാണ് പദ്ധതി.
ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റുമായി ചർച്ച നടത്തി കോടതി നടപടികൾ അവസാനിപ്പിച്ച ശേഷം നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടക്കാനാണ് അധികൃതരുടെ നീക്കം. ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ആശുപത്രി യാഥാർത്ഥ്യമാക്കുന്നത് ജില്ലയുടെ ആരോഗ്യ മേഖലയ്ക്ക് വലിയ കുതിച്ചുചാട്ടമാകും.
