പുൽപ്പള്ളി : വയനാട് ജില്ലയുടെ വികസനക്കുതിപ്പിന് ആക്കം കൂട്ടുന്ന പെരിക്കല്ലൂർ – ബൈരകുപ്പ പാലം നിർമ്മാണത്തിനായുള്ള ഇൻവെസ്റ്റിഗേഷൻ നടപടികൾക്കും എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും മുന്നോടിയായി ഉദ്യോഗസ്ഥ സംഘം സ്ഥലപരിശോധന നടത്തി. കോഴിക്കോട് പി.ഡബ്ല്യു.ഡി ഡിപ്പാർട്ട്‌മെന്റും കോഴിക്കോട് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റും സംയുക്തമായാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
കേരള – കർണാടക അതിർത്തികളെ ബന്ധിപ്പിക്കുന്ന പുഴയോരങ്ങളും പ്രധാന റോഡുകൾ വരെയുള്ള ദൂരവും സംഘം അളന്നു തിട്ടപ്പെടുത്തി. കേരള അതിർത്തിയിൽ പുഴയിൽ നിന്ന് 30 മീറ്റർ ദൂരവും കർണാടക അതിർത്തിയിൽ റോഡിലേക്ക് 80 മീറ്റർ ദൂരവുമാണ് കണക്കാക്കിയിട്ടുള്ളത്. കർണാടകയിലെ പ്രധാന ഹൈവേ റോഡിലേക്കുള്ള അനുബന്ധ പാതകളും ഉദ്യോഗസ്ഥ സംഘം വിശദമായി പരിശോധിച്ചു.
കോഴിക്കോട് പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ കമലാക്ഷൻ പാച്ചേരി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിഥിൽ ലക്ഷ്മണൻ, അസിസ്റ്റന്റ് എഞ്ചിനീയർ രാഖേഷ് കെ.ആർ എന്നിവരും കോഴിക്കോട് ഇൻവെസ്റ്റിഗേഷൻ വിഭാഗം മേധാവി രാജീ വർഗീസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷീബ കെ, ഓവർസീയർമാരായ രാജീവ്, പ്രണവ് എന്നിവരുമാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
പെരിക്കല്ലൂർ വികസന സമിതി ചെയർമാൻ ഫാ. ജോർജ് കപ്പുകാലായിൽ, ജോയിന്റ് സെക്രട്ടറി ഡാമിൻ ജോസഫ്, ബൈരൻകുപ്പ വികസന സമിതി ഭാരവാഹികളായ അബ്ദുൽ മജീദ്, ഷമീർ ഹമ്മദ് എന്നിവർ ഉദ്യോഗസ്ഥ സംഘത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കി. ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് പൂർത്തിയാകുന്നതോടെ പാലം നിർമ്മാണത്തിനായുള്ള ടെൻഡർ നടപടികൾ വേഗത്തിലാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
