സുൽത്താൻബത്തേരി:ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ നൽകിയ അപകീർത്തി പരാതി സുൽത്താൻബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (1) ഫയലിൽ സ്വീകരിച്ചു. കേസിലെ പ്രതികളോട് കോടതിയിൽ ഹാജരാകാൻ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അഥീന ബിജു ഉത്തരവിട്ടു.
കൽപ്പറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അർബൻ ബാങ്ക് നിയമനത്തിൽ എം എൽഎ കോഴ വാങ്ങി എന്ന അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനാണ് എംഎൽഎയുടെ പരാതിയിൽ തൃക്കൈപ്പററ പൊറവനംതടത്തിൽ സിജോ ചാക്കോ, കേണിച്ചിറ കൊച്ചുപുരക്കൽ തങ്കച്ചൻ, ചിന്നമ്മ ചാക്കോ എന്നിവരെയും, ആ വാർത്ത പ്രസിദ്ധീകരിച്ച ദേശാഭിമാനി ദിനപത്രത്തിന്റെ എഡിറ്റർ പുത്തലത്ത് ദിനേശൻ, പ്രിന്ററും പബ്ലിഷറുമായ കെ.ജെ. തോമസ് എന്നിവരെയും കോടതി പ്രതികളായി പരിഗണിച്ച് ഹാജരാകാൻ നിർദേശിച്ചത്.
പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ പ്രകാരം, 2026 മാർച്ച് 21-ന് കൽപ്പറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിലും തുടർന്ന് 2026 മാർച്ച് 22-ന് ദേശാഭിമാനി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്തയിലുമുള്ള പരാമർശങ്ങൾ വ്യാജവും അപകീർത്തികരവുമാണെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി.
പരാതിക്കാരന്റെ പൊതുസമ്മതിയും സൽകീർത്തിയും തകർക്കുക, തിരഞ്ഞെടുപ്പിൽ ജനപിന്തുണയെ പ്രതികൂലമായി ബാധിക്കുക എന്നീ ദുരുദ്ദേശ്യത്തോടെയാണ് ആരോപണങ്ങൾ ഉന്നയിക്കുകയും വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തതെന്നാണ് പരാതിയിൽ പറയുന്നത്. ഈ പരാമർശങ്ങളും വാർത്താപ്രസിദ്ധീകരണവും മൂലം തന്റെ പൊതുസമൂഹത്തിലെ പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കുകയും അപകീർത്തി സംഭവിക്കുകയും ചെയ്തതായി പരാതിയിൽ വ്യക്തമാക്കുന്നു.
പരാതി പ്രാഥമികമായി പരിഗണിച്ച കോടതി കേസ് ഫയലിൽ സ്വീകരിച്ച് പ്രതികളോട് കോടതിയിൽ ഹാജരാകാൻ ഉത്തരവിടുകയായിരുന്നു.അഡ്വ. ടി.എം. റഷീദ് മുഖേന സമർപ്പിച്ച സ്വകാര്യ പരാതിയിലാണ് കോടതിയുടെ നടപടി.
