തിരുവനന്തപുരത്തു നിന്ന് വെറും മൂന്നര മണിക്കൂറില്‍ കണ്ണൂരിലെത്താം; 23 സ്‌റ്റേഷനുകള്‍ ഇ. ശ്രീധരന്‍ വിഭാവനം ചെയ്ത 60,000 കോടിയുടെ അതിവേഗ റെയില്‍ പാതയുടെ മാസ്റ്റര്‍ പ്ലാന്‍ ഇതാ!

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുഗതാഗത രംഗത്ത് വന്‍ വിപ്ലവത്തിന് വഴിതുറക്കുന്ന പുതിയ അതിവേഗ റെയില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. മെട്രോമാന്‍ ഇ. ശ്രീധരന്‍ തയ്യാറാക്കിയ പദ്ധതിയുടെ വിശദമായ രൂപരേഖ (ഡിപിആര്‍) അദ്ദേഹം മുഖ്യമന്ത്രി വി.ഡി. സതീശന് സമര്‍പ്പിച്ചതോടെയാണ് നിര്‍ണായക വിവരങ്ങള്‍ ലഭ്യമായത്.

 

തിരുവനന്തപുരം പൂജപ്പുര മുതല്‍ കണ്ണൂര്‍ മുണ്ടയാട് വരെ 473.20 കിലോമീറ്റര്‍ ദൂരത്തിലാണ് ഈ അതിവേഗ റെയില്‍പാത വിഭാവനം ചെയ്തിരിക്കുന്നത്. മണിക്കൂറില്‍ പരമാവധി 200 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാവുന്ന ട്രെയിനുകളാണ് ഈ പാതയില്‍ സര്‍വീസ് നടത്തുക. എന്നാല്‍ ഇവയുടെ സാധാരണ സര്‍വീസ് വേഗത 140 കിലോമീറ്റര്‍ ആയിരിക്കും. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് വെറും മൂന്നര മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാനാകും. ലോകത്തിലെ ഏറ്റവും ആധുനിക റെയില്‍വേ സംവിധാനങ്ങള്‍ക്ക് അനുയോജ്യമായ സ്റ്റാന്‍ഡേര്‍ഡ് ഗേജിലാണ് ഈ ഇരട്ടപ്പാതയുടെ നിര്‍മാണം വിഭാവനം ചെയ്തിരിക്കുന്നത്. ഇത് ഭാവിയില്‍ റെയില്‍ സാങ്കേതിക വിദ്യയിലുണ്ടാകുന്ന ഏത് മാറ്റവും എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ സഹായിക്കും.

പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം 23 സ്റ്റേഷനുകളാണ് നിര്‍ദേശിച്ചിട്ടുള്ളത്. പൂജപ്പുരയില്‍നിന്ന് ആരംഭിച്ച് തിരുവനന്തപുരം എയര്‍പോര്‍ട്ട്, വര്‍ക്കല, കൊല്ലം, കൊട്ടാരക്കര, പത്തനംതിട്ട ജങ്ഷന്‍, തിരുവല്ല, കോട്ടയം, വൈക്കം, തൃപ്പൂണിത്തുറ, എറണാകുളം (പാലാരിവട്ടം), ആലുവ, കൊച്ചി എയര്‍പോര്‍ട്ട്, ചാലക്കുടി, തൃശൂര്‍ ജങ്ഷന്‍, പട്ടാമ്പി ജങ്ഷന്‍, മലപ്പുറം, കോഴിക്കോട് എയര്‍പോര്‍ട്ട്, കോഴിക്കോട് ജങ്ഷന്‍, ബാലുശ്ശേരി, നാദാപുരം, കൂത്തുപറമ്പ് വഴി കണ്ണൂര്‍ മുണ്ടയാടില്‍ അവസാനിക്കുന്ന രീതിയിലാണ് ഇതിന്റെ റൂട്ട് ക്രമീകരിച്ചിരിക്കുന്നത്. സ്റ്റേഷനുകള്‍ തമ്മിലുള്ള ശരാശരി ദൂരം 21.5 കിലോമീറ്റര്‍ ആയിരിക്കും.

 

കണ്ണൂര്‍ ഒഴികെയുള്ള സംസ്ഥാനത്തെ മൂന്ന് പ്രമുഖ വിമാനത്താവളങ്ങളെയും നേരിട്ട് ബന്ധിപ്പിക്കുന്നതാണ് ഈ റെയില്‍പാത. കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് മുണ്ടയാട് സ്റ്റേഷനില്‍ നിന്ന് പത്ത് കിലോമീറ്റര്‍ ദൂരത്തില്‍ മികച്ച റോഡ് നിര്‍മിക്കാനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. തിരുവനന്തപുരം നഗരത്തിലെ 6.5 കിലോമീറ്റര്‍ ദൂരം ടണലിലൂടെയോ ഭൂമിക്കടിയിലൂടെയോ ആണ് കടന്നുപോകുന്നത്. ബാക്കി മുഴുവന്‍ പാതയും പൂര്‍ണ്ണമായും ആകാശപാത (എലിവേറ്റഡ്) ആയിട്ടായിരിക്കും നിര്‍മിക്കുക. ഇതിനായി വെറും 20 മീറ്റര്‍ വീതിയില്‍ മാത്രം ഭൂമി ഏറ്റെടുത്താല്‍ മതിയെന്നതിനാല്‍, മുന്‍പ് വിവാദമായ സില്‍വര്‍ ലൈന്‍ പദ്ധതിയെ അപേക്ഷിച്ച് ഭൂമിയേറ്റെടുക്കലും കുടിയൊഴിപ്പിക്കലും വളരെ കുറവായിരിക്കും. നിര്‍മാണത്തിന് ശേഷം ഈ ഭൂമി ഉടമകള്‍ക്കുതന്നെ കൃഷിക്കോ കന്നുകാലി വളര്‍ത്തലിനോ നിശ്ചിത വ്യവസ്ഥകളോടെ പാട്ടത്തിന് നല്‍കാനും വ്യവസ്ഥയുണ്ട്.

 

അഞ്ചുവര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാം ഏകദേശം 60,000 കോടി രൂപയാണ് ഈ മെഗാ പ്രൊജക്റ്റിന്റെ ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. അതായത് ഒരു കിലോമീറ്ററിന് ശരാശരി 127 കോടി രൂപ. ഇതിന്റെ നിര്‍മ്മാണച്ചെലവ് കണ്ടെത്തുക കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ 51 ശതമാനം ഓഹരി പങ്കാളിത്തവും (ഇക്വിറ്റി അനുപാതം 51:49) ബാക്കി 49 ശതമാനം (24,000 കോടി രൂപ) ക്രൗഡ് ഫണ്ടിങ്ങും വഴിയായിരിക്കും. നിലവില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്ന പദ്ധതിക്ക് ഔദ്യോഗിക അനുമതി ലഭിച്ചാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയും. ആദ്യഘട്ടത്തിന് ശേഷം രണ്ടാം ഘട്ടത്തില്‍ കണ്ണൂരില്‍നിന്ന് കാസര്‍കോട്ടേക്കും, കോഴിക്കോടുനിന്ന് കല്‍പ്പറ്റയിലേക്കും, പട്ടാമ്പിയില്‍നിന്നും തൃശൂരില്‍നിന്നും പാലക്കാട്ടേക്കും പാത നീട്ടുന്ന കാര്യവും റിപ്പോര്‍ട്ടിലുണ്ട്. സാമൂഹിക-പാരിസ്ഥിതിക ആഘാത പഠനങ്ങള്‍ നടത്തിയ ശേഷം മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോകൂ എന്ന നിലപാടിലാണ് സര്‍ക്കാര്‍.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *