താമരശ്ശേരി:മരത്തടി കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് സാരമായ പരുക്കേറ്റു. കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ ചമൽകേളൻമൂലയിൽ ആണ് സംഭവം. ലോറി ഡ്രൈവറും താമരശ്ശേരി സ്വദേശിയുമായ മുനീറിനാണ് പരുക്കേറ്റത്. കട്ടിപ്പാറ ഭാഗത്തു നിന്നും തടി കയറ്റി വരികയായിരുന്ന വാഹനം കേളൻ മൂല ഇറക്കം ഇറങ്ങി വരുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ലോറി പൂർണമായും തകർന്നു. തടിക്ക് അടിയിൽ അകപ്പെട്ട ഡ്രൈവറെ റോഡുപണിക്കാരുടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തടി നീക്കിയാണ് പുറത്തെടുത്തത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം മുനീറിനെ, മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി. താമരശ്ശേരി ചുങ്കം സ്വദേശിയുടെ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
