സ്കൂൾ വാഹനത്തിൻ്റെ ഡ്രൈവർക്കു ദേഹാസ്വാസ്ഥ്യം: വാഹനമൊതുക്കി കുട്ടികളെ സുരക്ഷിതരാക്കി; ആശുപത്രിയിൽ വിയോഗം

കുറ്റ്യാടി: കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട നിർണായക നിമിഷത്തിലും വാഹനത്തിലുണ്ടായിരുന്ന വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കി വലിയ അപകടം ഒഴിവാക്കിയ സ്കൂൾ വാൻ ഡ്രൈവർ അനിൽ കുമാർ (50) അന്തരിച്ചു.തിങ്കളാഴ്ച വൈകിട്ട് കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂളിൽ നിന്ന് കുട്ടികളുമായി വേളം ഭാഗത്തേക്ക് പോകുന്നതിനിടെ ചെറുകുന്ന് വാഴയിൽമുക്കിന് സമീപമാണ് അനിൽ കുമാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആരോഗ്യനില വഷളാകുന്നതിനിടയിലും അദ്ദേഹം പരിഭ്രാന്തനാകാതെ വാഹനം നിയന്ത്രിച്ച് സുരക്ഷിതമായി റോഡരികിൽ നിർത്തി. ശേഷം സ്വന്തം മൊബൈൽ ഫോൺ ഉപയോഗിച്ച് സ്കൂൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാരും ഉടൻ സഹായത്തിനെത്തി.

 

സ്കൂൾ അധികൃതർ ആംബുലൻസുമായി സ്ഥലത്തെത്തി അനിൽ കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. അനിൽ കുമാറിന്റെ സമയോചിതമായ ഇടപെടൽ മൂലം വാഹനത്തിലുണ്ടായിരുന്ന മുഴുവൻ വിദ്യാർത്ഥികളും സുരക്ഷിതരായി. തുടർന്ന് മറ്റൊരു ഡ്രൈവർ എത്തിയാണ് കുട്ടികളെ വീടുകളിലെത്തിച്ചത്.

 

വർഷങ്ങളായി സ്കൂൾ വാൻ ഡ്രൈവറായി സേവനമനുഷ്ഠിച്ചിരുന്ന അനിൽ കുമാർ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സഹപ്രവർത്തകരുടെയും പ്രിയങ്കരനായിരുന്നു. അവസാന നിമിഷം വരെ തന്റെ ഉത്തരവാദിത്തം നിറവേറ്റിയ അദ്ദേഹത്തിന്റെ പ്രവൃത്തി വലിയൊരു ദുരന്തം ഒഴിവാക്കിയതായും നാടിന്റെ ആദരവും കണ്ണീരുമാണ് ഇപ്പോൾ അദ്ദേഹത്തിന് ലഭിക്കുന്നതെന്നും നാട്ടുകാർ പറയുന്നു.

 

പരേതരായ കുമാരന്റെയും ജാനുവിന്റെയും മകനാണ്. കുറ്റ്യാടി കെ.എം.സി ആശുപത്രിയിലെ ജീവനക്കാരി നിഷയാണ് ഭാര്യ. കുറ്റ്യാടി ഗവ. ഹൈസ്കൂൾ വിദ്യാർഥിനി പാർവണ മകളാണ്. സഹോദരി: അനില.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *