സാമൂഹ്യ മാധ്യമങ്ങളും ഓണ്‍ലൈന്‍ ആപ്പുകളും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കണം- സംസ്ഥാന വനിതാ കമ്മീഷന്‍ 

കൽപ്പറ്റ:സാമൂഹ്യ മാധ്യമങ്ങളും ഓണ്‍ലൈന്‍ ആപ്പുകളും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി നിരോധിക്കുകയോ നിയമനടപടി സ്വീകരിക്കുകയോ വേണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. സൈബര്‍ സെല്‍, ഐടി ആക്ട് എന്നിവയെ കുറിച്ച് പൊതുസമൂഹത്തില്‍ ശക്തമായ ബോധവല്‍ക്കരണം നടത്തണം. നിയമപരമായ കാര്യങ്ങളെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് യുവതലമുറ പലപ്പോഴും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ അപകടങ്ങളില്‍പ്പെട്ട് ജീവിതം നശിപ്പിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും ദുരുപയോഗപ്പെടുത്തി കുട്ടികളെയും സ്ത്രീകളെയും മോശമായി ചിത്രീകരിക്കുന്ന ഓണ്‍ലൈന്‍ ആപ്പുകള്‍ ഇപ്പോള്‍ വ്യാപകമാണ്. മോര്‍ഫിംഗ്, സൈബര്‍ സ്റ്റോക്കിംഗ് ഉള്‍പ്പെടെ വ്യാജ പ്രൊഫൈലുകള്‍ വരെയുണ്ടാക്കി സ്ത്രീകളെ മോശമായി ചിത്രീകരിക്കാനും ഭീഷണിപ്പെടുത്താനും തെറ്റായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനുമുള്ള പ്രവണത കൂടുകയാണ്. ഈ സാഹചര്യത്തില്‍ സാമൂഹ്യ മാധ്യമങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണവും നിയമങ്ങളും കര്‍ശനമായി നടപ്പിലാക്കണമെന്നും അഡ്വ. പി കുഞ്ഞായിഷ പറഞ്ഞു.

 

അദാലത്തില്‍ 32 പരാതികള്‍ പരിഗണിച്ചു. പത്ത് പരാതികള്‍ തീര്‍പ്പാക്കുകയും രണ്ട് കേസുകളിന്മേല്‍ പൊലീസില്‍ നിന്നുള്ള റിപ്പോര്‍ട്ട് തേടുകയും ചെയ്തു. 20 കേസുകള്‍ അടുത്ത അദാലത്തില്‍ വാദം കേള്‍ക്കാനായി മാറ്റിവെച്ചു. പുതിയതായി ഏഴ് പരാതികള്‍ അദാലത്തില്‍ സ്വീകരിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *