കൽപ്പറ്റ: ദേശീയപാത 766-ൽ കോഴിക്കോട് മുതൽ മുത്തങ്ങ വരെയുള്ള ഭാഗം നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിനും, നിർദ്ദിഷ്ട ചുരം ബൈപാസ് (ചിപ്പിലിത്തോട് – മരുതിലാവ് – തളിപ്പുഴ) യാഥാർത്ഥ്യമാക്കുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉറപ്പുനൽകി. പദ്ധതിയുടെ വിശദമായ പഠന റിപ്പോർട്ട് (DPR) തയ്യാറാക്കുന്നതിനുള്ള ടെൻഡർ നടപടികൾ ത്വരിതപ്പെടുത്തണമെന്ന്ആവശ്യപ്പെട്ട് വയനാട് ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ മുഖ്യമന്ത്രിയുമായും മറ്റ് മന്ത്രിമാരുമായും നടത്തിയ ചർച്ചയിലാണ് അനുകൂല തീരുമാനമുണ്ടായത്.
തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം, കൊടുവള്ളി എം.എ.ൽഎ പി.കെ. ഫിറോസ് എന്നിവരുടെ നേതൃത്വത്തിലാണ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ തിരുവനന്തപുരത്ത് എത്തിയത്. മുഖ്യമന്ത്രിയെ കൂടാതെ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ, റവന്യൂ മന്ത്രി എ.പി. അനിൽകുമാർ, കൃഷി മന്ത്രി ടി. സിദ്ദീഖ് എന്നിവരുമായും സംഘം ചർച്ച നടത്തി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവുമായും എൻ.എച്ച്.എ.ഐ (NHAI) യുമായും ബന്ധപ്പെട്ട് പദ്ധതിക്കാവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രിമാർ ഉറപ്പുനൽകി.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുമായും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ചർച്ച നടത്തി. വിഷയത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് അദ്ദേഹവും ഉറപ്പുനൽകി. തുടർന്ന് എൻ.എച്ച്.എ.ഐ റീജനൽ ഓഫീസർ കേണൽ എ.കെ. ജാൻബാസിനെ സന്ദർശിച്ച സംഘം ദേശീയപാത വികസനം സമയബന്ധിതമായി പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി.
താമരശ്ശേരി ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്ന ഈ വികസന പദ്ധതി വയനാടിന്റെയും മലബാർ മേഖലയുടെയും സാമ്പത്തിക മുന്നേറ്റത്തിന് നിർണ്ണായകമാകും. ആക്ഷൻ കമ്മിറ്റി ചെയർമാൻ വി.കെ. ഹുസൈൻ കുട്ടി, ജനറൽ കൺവീനർ ടി.ആർ.ഒ. കുട്ടൻ, ഭാരവാഹികളായ ജോണി പാറ്റാനി, വി.കെ. അഷ്റഫ് റാഷി താമരശ്ശേരി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
