കോഴിക്കോട്: ഹരിതകർമസേന ജീവനക്കാർ വലിയ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കോഴിക്കോട് കൊയിലാണ്ടി മുത്താമ്പിയിലെ നഗരസഭാ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററിലാണ് സംഭവം. മാലിന്യ ശേഖരണത്തിനായി എത്തിച്ച വലിയ ചാക്കിനുള്ളിൽ, മറ്റൊരു പ്ലാസ്റ്റിക് കവറിൽ കെട്ടിയിട്ട നിലയിലാണ് കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ എം.സി.എഫിൽ സൂക്ഷിച്ചിരുന്ന പാഴ്‌വസ്തുക്കളും പ്ലാസ്റ്റിക് മാലിന്യങ്ങളും തരംതിരിക്കുകയായിരുന്നു ഹരിതകർമസേനാംഗങ്ങൾ. ഇതിനിടയിൽ പ്ലാസ്റ്റിക് ചാക്കിലേക്ക് കൂടുതൽ മാലിന്യങ്ങൾ നിറയ്ക്കാൻ ശ്രമിക്കുമ്പോഴാണ് ചാക്കിനുള്ളിൽ നിന്നും പെരുമ്പാമ്പ് പെട്ടെന്ന് പുറത്തേക്ക് ചാടിയത്. ഭയന്നുപോയ ജീവനക്കാർ തൽക്ഷണം പിന്നോട്ട് മാറിയതിനാലാണ് പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത്.
സാധാരണയായി പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടയിൽ നിന്നും പാമ്പുകളെ കാണാറുണ്ടെങ്കിലും, ഇത്തരത്തിൽ കവറിലാക്കി ബോധപൂർവ്വം ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവം ഇതാദ്യമായാണെന്ന് ജീവനക്കാർ പറഞ്ഞു. തങ്ങളുടെ ജീവന് പോലും ഭീഷണിയാകുന്ന തരത്തിലുള്ള ഇത്തരം ക്രൂരതകൾ ആരും ചെയ്യരുതെന്നും മാലിന്യങ്ങൾ കൈമാറുമ്പോൾ ഉത്തരവാദിത്തം കാണിക്കണമെന്നും ഹരിതകർമസേനാംഗങ്ങൾ അഭ്യർത്ഥിച്ചു.
