കൽപ്പറ്റ : കൽപ്പറ്റ നഗരസഭ ആരോഗ്യവിഭാഗം സ്ക്വാഡിന്റെ നേതൃത്വത്തിൽ നഗരത്തിലെ വിവിധ ഭക്ഷണശാലകളിൽ നടത്തിയ പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. മനുഷ്യോപയോഗത്തിന് യോഗ്യമല്ലാത്ത പഴകിയ ഭക്ഷണസാധനങ്ങൾ ഫ്രീസറിലും മറ്റുമായി സൂക്ഷിച്ച മൂന്ന് സ്ഥാപനങ്ങൾക്കെതിരെ നഗരസഭ അധികൃതർ പിഴ ചുമത്തുകയും നോട്ടീസ് നൽകുകയും ചെയ്തു.
വെള്ളാരംകുന്നിലെ ഹോട്ടൽ ടേസ്റ്റ് & മിസ്റ്റ്, തീർത്ഥ ഇൻ, പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ യമ്മീസ് ചട്ടിയും ചോറും എന്നീ സ്ഥാപനങ്ങളിലാണ് പ്രധാനമായും ക്രമക്കേടുകൾ കണ്ടെത്തിയത്. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുക, ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാതിരിക്കുക, ജല പരിശോധനാ റിപ്പോർട്ടുകളുടെ അഭാവം തുടങ്ങിയ നിയമലംഘനങ്ങളും പരിശോധനയിൽ ശ്രദ്ധയിൽപ്പെട്ടു. പിടിച്ചെടുത്ത പഴകിയ ഭക്ഷണസാധനങ്ങൾ അധികൃതർ നശിപ്പിച്ചു.
ക്ലീൻ സിറ്റി മാനേജർ കെ. സത്യന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. സ്ക്വാഡിൽ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ബിജു സി.എസ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സജീവ് വി.കെ, സുനിൽ കുമാർ എസ്.എം.കെ, കൃഷ്ണേന്ദു എ.എസ്, രമ്യ എ. എന്നിവർ പങ്കെടുത്തു. പൊതുജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്ത് വരും ദിവസങ്ങളിലും നഗരസഭയുടെ നേതൃത്വത്തിൽ കർശനമായ പരിശോധനകൾ തുടരുമെന്ന് ക്ലീൻ സിറ്റി മാനേജർ അറിയിച്ചു.
