സംസ്ഥാനത്ത് ഈ വർഷത്തെ ഓണച്ചന്ത ഓഗസ്റ്റ് 8 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതൽ ആരംഭിക്കും. മഞ്ഞ റേഷൻ കാർഡ് (എഎവൈ) ഉടമകൾക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമാണ് ഇത്തവണ സൗജന്യ ഓണക്കിറ്റ് നൽകുന്നത്.
16 ഇനം സാധനങ്ങളാണ് ഓണക്കിറ്റിൽ ഉണ്ടാവുക. ഓണസദ്യക്കുള്ള എല്ലാ സാധനങ്ങളും കിറ്റിലുണ്ടാവുമെന്ന് മന്ത്രി പറഞ്ഞു. 6,09,305 സൗജന്യ ഓണക്കിറ്റുകളാണ് ഇത്തവണ വിതരണം ചെയ്യുന്നത്. തുണിസഞ്ചി ഉൾപ്പെടെ 16 ഇനം നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റൊന്നിന് ഉദ്ദേശം 854 രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഓണം ട്രെഡ് ഫെയറുകളും ഓഗസ്റ്റ് 6 മുതൽ ആരംഭിക്കും.
കിറ്റ് വിതരണം ഓഗസ്റ്റ് 25-നകം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഓണക്കാലം പ്രമാണിച്ച് 1,65,932 മെട്രിക് ടണ്‍ അരിയും 24,506 മെട്രിക് ടണ്‍ ഗോതമ്പും വിപണിയില്‍ എത്തിക്കും. മുന്‍ഗണനേതര വിഭാഗത്തിന് സ്‌പെഷല്‍ അരി വിതരണം അടുത്തമാസം ആരംഭിക്കും. നീല കാര്‍ഡുകാര്‍ക്ക് 3 കിലോ അരി 10.90 രൂപ നിരക്കിലും രണ്ടു കിലോ ഗോതമ്പ് 8.70 രൂപയ്ക്കും നല്‍കും.
ഈ വർഷത്തെ ഓണക്കിറ്റ് വിതരണവും ഓണച്ചന്തകളുടെ പ്രവർത്തനവും ഊർജ്ജിതമാക്കാൻ സപ്ലൈകോയ്ക്ക് 253 കോടി രൂപയുടെ അടിയന്തര സഹായമാണ് അനുവദിച്ചിട്ടുള്ളത്. ഭക്ഷ്യ വിപണിയിലെ ഇടപെടലിനായി 200 കോടിയും സൗജന്യ ഓണക്കിറ്റ് നൽകുന്നതിനായി 53 കോടിയുമാണ് അനുവദിച്ചിട്ടുള്ളത്. മുൻ സർക്കാരുകളൊന്നും ഒരുമിച്ച് ഇത്രയും വലിയ തുക വകുപ്പിന് അനുവദിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഓണസദ്യക്കുള്ള എല്ലാ സാധനങ്ങളും കിറ്റിലുണ്ടാവുമെന്നാണ് ഭക്ഷ്യ വിതരണ മന്ത്രി വിശദമാക്കിയത്. കൂടുതൽ പേർക്ക് ഓണക്കിറ്റ് അടുത്ത വർഷം മുതൽ നൽകുമെന്നും മന്ത്രി വിശദമാക്കി. സംസ്ഥാനത്ത് വിലക്കയറ്റം പ്രതിസന്ധിയായി നിൽക്കുമ്പോഴാണ് പ്രഖ്യാപനം. സപ്ലൈകോ ഔട്ട് ലെറ്റുകളിൽ സബ്സിഡി ഇനത്തിലുള്ള 13 ഇനം സാധനങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി വിശദമാക്കി.
