കോതമംഗലം കീരമ്പാറയിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച വാഹനം ഒഴുക്കിൽപ്പെട്ട തോടിലേക്ക് മറിഞ്ഞു. വടാട്ടുപാറയിൽ നിന്ന് കുറുപ്പംപടിയിലേക്ക് പോവുകയായിരുന്ന കുറുപ്പംപടി സ്വദേശികളായ നാല് പേരാണ് വൻ ദുരന്തത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.
ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കീരമ്പാറയിൽ നിന്ന് കള്ളാട് റോഡിലേക്ക് പോകേണ്ടിയിരുന്ന സംഘത്തെ ഗൂഗിൾ മാപ്പ് വഴിതെറ്റിച്ച് മറ്റൊരു റൂട്ടിലേക്ക് നയിക്കുകയായിരുന്നു. ഈ വഴിയിലൂടെ മുന്നോട്ടുപോയി മറ്റൊരു റോഡിലേക്ക് തിരിഞ്ഞ ഉടൻ തന്നെ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു.
കനത്ത മഴയെത്തുടർന്ന് തോട് കരകവിഞ്ഞൊഴുകിയിരുന്നതിനാൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയായിരുന്നു. കാർ തോട്ടിലേക്ക് മറിഞ്ഞെങ്കിലും, അമ്പത് മീറ്ററോളം ഒഴുകി ഒരു പാറയിൽ തങ്ങിനിന്നത് യാത്രക്കാർക്ക് രക്ഷയായി. ആദ്യം പുറത്തിറങ്ങാൻ കഴിഞ്ഞ ഡ്രൈവർ എബിൻ ഉടൻ തന്നെ മറ്റുള്ളവർക്ക് രക്ഷകനാകുകയായിരുന്നു.
കാറിന്റെ സൈഡ് വാതിലിലൂടെ എബിൻ, സഹോദരൻ അബിൻ, സുഹൃത്തുക്കളായ അക്ഷയ്, വിഷ്ണു എന്നിവർ അത്ഭുതകരമായി പുറത്തുകടന്നു. നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും കാർ പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയിരുന്നു. പിന്നീട് അഗ്നിരക്ഷാസേന സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് അപകടം നടന്നതിന് സമീപത്തുതന്നെ വെള്ളത്തിനടിയിൽ കാർ കണ്ടെത്തിയത്. നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട നാലുപേരെയും നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ആവശ്യമായ ചികിത്സ നൽകി.
