തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന മഴക്കെടുതിയിൽ ഏകദേശം 45,000 കർഷകരെ ബാധിക്കുകയും 121 കോടി രൂപയുടെ കൃഷിനാശം സംഭവിക്കുകയും ചെയ്തതായി കൃഷിമന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് 9,332 ഹെക്ടർ കൃഷിയിടങ്ങളെയാണ് ബാധിച്ചത്
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആവശ്യമായ സഹായം നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. കർഷകരെ എങ്ങനെ സഹായിക്കണമെന്നതിൽ അന്തിമ തീരുമാനം എടുക്കുന്നതിനായി വിവിധ ധനകാര്യ ഏജൻസികളിലെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചൊവ്വാഴ്ച വിളിച്ചുചേർത്തിട്ടുണ്ട്. ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ സഹായപാക്കേജ് സംബന്ധിച്ച തുടർനടപടികൾ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജലനിരപ്പ് കുറഞ്ഞുവരുന്നത് ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു. മഴക്കെടുതിയിൽ കൃഷിക്ക് സംഭവിച്ച നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. സംസ്ഥാന കാർഷിക അവാർഡുകളും മന്ത്രി പ്രഖ്യാപിച്ചു. കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള പുരസ്കാരത്തിന് പത്മശ്രീ ചെറുവയൽ രാമൻ അർഹനായി. മികച്ച സേവനം കാഴ്ചവെച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള മുൻ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ പേരിലുള്ള പുരസ്കാരം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിനും കണ്ണൂർ ജില്ലയിലെ ഉളിക്കൽ ഗ്രാമപഞ്ചായത്തിനും ലഭിച്ചു. മികച്ച കൃഷിഭവനുള്ള വി.വി. രാഘവൻ സ്മാരക പുരസ്കാരത്തിന് പത്തനംതിട്ട ജില്ലയിലെ കുറ്റൂർ കൃഷിഭവനും അർഹമായി.
