മലപ്പുറം : കിഴിശ്ശേരി-കൊണ്ടോട്ടി റോഡിലെ ടീച്ചർ പടിയിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം. കിഴിശ്ശേരി-മഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ‘രാജധാനി’ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാത്രിയാണ് സംഭവം.സർവീസ് പൂർത്തിയാക്കിയ ശേഷം ബസ് പാർക്ക് ചെയ്യാനായി തിരിക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് കൂപ്പുകുത്തിയത്. അപകടസമയത്ത് ബസ്സിൽ യാത്രക്കാർ ആരും തന്നെ ഉണ്ടായിരുന്നില്ല.
ബസ്സിന്റെ മുൻവശം തോട്ടിലേക്ക് വീണ നിലയിലാണ്. അപകടത്തിൽ ആർക്കും കാര്യമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ബസ് റോഡിൽ നിന്ന് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. യാത്രക്കാരില്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. സംഭവത്തെ തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. അപകടത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
