പുള്ളിമാനെ ഷോക്കടിപ്പിച്ചു കൊന്ന് ഇറച്ചിയാക്കി: ആനവേട്ടക്കേസ് പ്രതിയടക്കം 4 പേർ പിടിയിൽ; കള്ളത്തോക്കും കണ്ടെടുത്തു

ഇരുളം: ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പുള്ളിമാനെ ഷോക്കടിപ്പിച്ചു കൊന്ന് ഇറച്ചിയാക്കിയ കേസിൽ ആനവേട്ടക്കേസ് പ്രതിയടക്കം നാലുപേരെ ഫോറസ്റ്റ് വിജിലൻസ് സംഘവും ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ അധികൃതരും ചേർന്ന് പിടികൂടി. അമരക്കുനി സ്വദേശി ദേവശ്ശേരിയിൽ സോമൻ (63), മാംസം പങ്കിട്ടെടുത്ത പള്ളിക്കുന്ന് സ്വദേശികളായ നിഖിൽ (26), റോഷി (54), ജോയൽ ജോസ് (36) എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്.

 

സോമന്റെ വീട്ടിൽ മാനിറച്ചിയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൽപ്പറ്റ ഫോറസ്റ്റ് വിജിലൻസ് ടീമും ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ വലയിലായത്. സോമന്റെ വീട്ടിൽ നിന്ന് പുള്ളിമാനെ കൊല്ലാൻ ഉപയോഗിച്ച കേബിൾ വയറുകൾ, കമ്പികൾ, കത്തി, പ്ലാസ്റ്റിക് ഷീറ്റ് എന്നിവയും മാനിന്റെ ശരീരഭാഗങ്ങളും വനംവകുപ്പ് കണ്ടെടുത്തു.

 

തുടർന്ന് കേസിലെ രണ്ടാം പ്രതിയായ നിഖിലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന നാടൻ തിരത്തോക്കും കണ്ടെടുത്തു. പിടിച്ചെടുത്ത കള്ളത്തോക്ക് തുടർനടപടികൾക്കായി കമ്പളക്കാട് പോലീസിന് കൈമാറിയിട്ടുണ്ട്. ഒന്നാം പ്രതി സോമൻ മുൻപും ആനവേട്ടക്കേസിൽ പ്രതിയായിട്ടുള്ളയാളാണ്.

 

കൽപ്പറ്റ വിജിലൻസ് ഗ്രേഡ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഗൗരി വി. ആർ, ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുന്ദരേശൻ പി. വി എന്നിവരുടെ നേതൃത്വത്തിലുള്ള സംയുക്ത സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!