സൂപ്പര്‍മാര്‍ക്കറ്റില്‍ മാനേജരുടെ മോഷണം: അടിച്ചു മാറ്റിയത് 36 റാക്കുകള്‍

എറണാകുളം:എളമക്കര താന്നിക്കല്‍ കീർത്തിനഗറിലെ പ്രമുഖ സൂപ്പർമാർക്കറ്റില്‍ നിന്ന് ജീവനക്കാരൻ ഒറ്റയടിക്ക് അടിച്ചു മാറ്റിയത് നാലടി നീളമുള്ള 36 ഇരുമ്പ് റാക്കുകള്‍.ഇന്ത്യയില്‍ എമ്പാടും സൂപ്പർമാർക്കറ്റുകളുള്ള ബ്രാൻഡഡ് സ്ഥാപനത്തിന്റെ മാനേജരെ എളമക്കര പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സഹപ്രവർത്തകർക്ക് വിശ്വസിക്കാനായില്ല.

എളമക്കര പേരണ്ടൂർ റോഡ‌് പൊറ്റക്കുഴി പള്ളിക്ക് സമീപം കട്ടായില്‍ വീട്ടില്‍ കെ. അർജുനാണ് (27) റാക്ക് മോഷണത്തിന് പിടിയിലായത്. മോഷണമുതല്‍ വാങ്ങിയ ആക്രിക്കട ഉടമ എളമക്കര താന്നിക്കലില്‍ താമസിക്കുന്ന പള്ളുരുത്തി മരുന്നുകട സ്വദേശി കെ.എം. മിഥുനും (36) പിടിയിലായി. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. എം.ബി.എ ബിരുദമുള്ള അർജുൻ സ്ഥാപനത്തിന്റെ 25 സൂപ്പർമാർക്കറ്റുകളുടെയും ഔട്ട്‌ലെറ്റുകളുടെയും ലോസ് ആൻഡ് പ്രിവൻഷൻ മാനേജരായി ജോലി ചെയ്യുകയാണ്. സ്റ്റോക്കുകളില്‍ കുറവു വന്നാല്‍ കണ്ടെത്തുകയും തടയുകയും കാരണം കണ്ടെത്തുകയുമാണ് എല്‍.പി.എമ്മിന്റെ ചുമതല.

സി.സി ടിവി ക്യാമറകള്‍ തിരിച്ചുവച്ചു

കഴിഞ്ഞ നാലിന് രാത്രിയാണ് സൂപ്പർമാർക്കറ്റില്‍ നിന്ന് 6 ലക്ഷം രൂപയുടെ 36 ഇരുമ്പ് റാക്കുകള്‍ കടത്തിയത്. സാധനങ്ങള്‍ വയ്ക്കാനായി അടുത്തിടെ കിട്ടിയ റാക്കുകളാണിവ. മാനേജരുടെ പരാതിയില്‍ കേസെടുത്ത എളമക്കര പൊലീസിന് ഒരു കാര്യം ബോദ്ധ്യപ്പെട്ടു. കള്ളൻ കപ്പലില്‍ തന്നെ. റാക്കുകള്‍ ഇരുന്ന ഭാഗത്തെ സി.സി ടിവി ക്യാമറകളെല്ലാം റാക്കിന് എതിർദിശയിലേക്ക് തിരിച്ചുവച്ചിരുന്നു. എന്നാല്‍ കെട്ടിടത്തിന് ഏറ്റവും മുകളിലത്തെ നിലയിലെ ക്യാമറയില്‍ നിന്ന് കിട്ടിയ ദൃശ്യം നിർണായകമായി. എസ്.എച്ച്‌.ഒ ഹരികൃഷ്ണൻ, എസ്.ഐമാരായ നസീം, അഫ്സല്‍, സീനിയർ സി.പി.ഒ ഗിരീഷ് എന്നിവരുടെ നേതൃത്വത്തില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംശയമുന അർജുനില്‍ ചെന്നെത്തി.

കടത്തിയത് വാനില്‍

മോഷണത്തിന് രണ്ട് ദിവസം മുമ്പേ സൂപ്പർമാർക്കറ്റ് മാനേജരുടെ ഓഫീസ് മുറിയില്‍ നിന്ന് റാക്കറ്റ് വച്ചിരിക്കുന്ന മുറിയുടെ താക്കോല്‍ അർജുൻ കൈക്കലാക്കി. 4ന് രാത്രി 11.30ന് പോർട്ടർ ആപ്പില്‍ ബുക്ക് ചെയ്ത വാനുമായി കടയിലെത്തി. റാക്കുകള്‍ വാങ്ങിയ പൊറ്റക്കുഴിയിലെ ആക്രിക്കടക്കാരൻ മിഥുൻ ഇയാളുടെ സുഹൃത്താണ്.

മുമ്പും കടത്തിയെന്ന് സംശയം

ആറ് ലക്ഷം രൂപയുടെ റാക്കുകള്‍ കുറഞ്ഞ വിലയ്ക്കാണ് വിറ്റത്. മുമ്പും ആറും എട്ടും റാക്കുകള്‍ വീതം കടത്തിക്കൊണ്ട് പോയിട്ടുണ്ടെന്നും സംശയമുണ്ട്. സമ്പന്ന കുടുംബത്തില്‍പ്പെട്ട അർജുൻ മോഷണം നടത്തിയത് എന്തിനാണെന്ന കാര്യത്തില്‍ അന്വേഷണം തുടരുന്നു. ഒരു യുവതിയുമായി അടുപ്പത്തിലാണ്. ആ വഴിയാണോ പണം പോയതെന്നതും അന്വേഷണ പരിധിയിലുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!