കൽപ്പറ്റ: അന്താരാഷ്‌ട്ര കാപ്പി ദിനമായ ഒക്ടോബർ ഒന്നിന് കൽപറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന ആഘോഷ പരിപാടികൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി. ഇതിന് മുന്നോടിയായി വിദഗ്ധരുടെ നേതൃത്വത്തിൽ ബത്തേരിയിലും മാനന്തവാടിയിലും നടത്തിയ പ്രാദേശിക സെമിനാറുകൾ സമാപിച്ചു.
വ്യാഴാഴ്ച രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. 9.30 ന് സിവിൽ സ്‌റ്റേഷൻ പരിസരത്ത് നിന്ന് കാപ്പി റാലി ആരംഭിക്കും. ജില്ലാ കലക്ടർ വി. ചെൽസ സിനി റാലി ഫ്ലാഗ് ഓഫ് ചെയ്യും.10 മണിക്ക് പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം റവന്യു മന്ത്രി എ.പി. അനിൽകുമാർ നിർവഹിക്കും. പൊതുസമ്മേളനം വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.
കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ് അധ്യക്ഷനായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ചന്ദ്രിക കൃഷ്ണൻ ഉൾപ്പടെയുള്ള ജനപ്രതിനിധികൾ സംബന്ധിക്കും. കോഫീ ബോർഡ്, സംസ്ഥാന കൃഷിവകുപ്പ്, വ്യവസായ വകുപ്പ്, വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷൻ, സൗത്ത് ഇന്ത്യൻ കോഫി ഗ്രോവേഴ്‌സ് അസോസിയേഷൻ, കേരള എഫ്.പി.ഒ. കോൺഫറൻസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടികൾ നടക്കുന്നത്. അടുത്ത 10 കാപ്പി കൃഷി വ്യാപന പദ്ധതിയുടെ ചർച്ചയും ആസൂത്രണവും ഇതോടനുബന്ധിച്ചുണ്ടാകും.
