യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തെ പീഡിപ്പിച്ചു; പ്രതി ജീവനൊടുക്കിയ നിലയിൽ

കോഴിക്കോട്: യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തെ പീഡിപ്പിച്ച കേസിലെ പ്രതി ചേവായൂരിൽ ജീവനൊടുക്കിയ നിലയിൽ. മാളിക്കടവിൽ സ്വന്തം വർക്‌ഷോപ്പിൽ യുവതിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തി മൃതദേഹത്തെ അപമാനിച്ച കേസിലെ പ്രതി വേങ്ങേരി തടമ്പാട്ടുതാഴം പീസ് ഗാർഡനിൽ വൈശാഖൻ (35) ആണ് മരിച്ചത്.

 

വ്യാഴാഴ്ച വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയത്.

 

ജനുവരി 24 ന് ആയിരുന്നു വൈശാഖൻ പ്രതിയായി നാടിനെ നടുക്കിയ കൊലപാതകം. 16 വയസ്സു മുതൽ പ്രതിയുമായി അടുപ്പമുണ്ടായിരുന്നയാളാണ് യുവതി. വൈശാഖന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ഭാര്യയോടു പറയുമെന്ന സംശയത്തിലാണു യുവതിയെ കൊലപ്പെടുത്താൻ ഇയാൾ ആസൂത്രണം നടത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

 

മാളിക്കടവിലെ പ്രതിയുടെ വർക്‌ഷോപ്പിലേക്കു വിളിച്ചുവരുത്തി ഒന്നിച്ചു ജീവനൊടുക്കാമെന്നു തെറ്റിദ്ധരിപ്പിച്ചു കഴുത്തിൽ കരുക്കിട്ട ശേഷം യുവതി നിന്ന സ്റ്റൂൾ തട്ടിത്തെറിപ്പിച്ചു എന്നാണ് പൊലീസ് കണ്ടെത്തിയത്. തൂങ്ങിനിൽക്കുമ്പോഴും കെട്ടഴിച്ചു കിടത്തിയ സമയത്തും മൃതദേഹത്തെ ഇയാൾ പീഡിപ്പിച്ചതായും പൊലീസ് കണ്ടെത്തി. വർക്‌ഷോപ്പിലെ സിസിടിവി ദൃശ്യങ്ങളാണ് ഇതിന് തെളിവായത്. യുവതിയുടെ മരണം ഭാര്യയെ ഫോണിൽ അറിയിച്ച പ്രതി അവർക്കൊപ്പമാണ് കാറിൽ യുവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

 

അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ.ആർ.രഞ്ജിത്ത് കൊയിലാണ്ടി മജിസ്ട്രട്ട് കോടതിയിൽ വൈശാഖനെതിരെ 490 പേജ് വരുന്ന കുറ്റപത്രം ഏപ്രിൽ 29 ന് സമർപ്പിച്ചു. കൊലപാതകം, മൃതദേഹത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. 90 ദിവസത്തെ റിമാൻഡ് കാലാവധിക്ക് നാലു ദിവസം മുൻപ് തന്നെ കുറ്റപത്രം സമർപ്പിച്ചതിനാൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിചാരണ നടത്തണമെന്നും അന്ന് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. യുവതിയെ ചെറുപ്രായത്തിൽ തന്നെ ഇയാൾ പീഡിപ്പിച്ചതായി കണ്ടെത്തിയതിനാൽ പോക്സോ കേസും ചുമത്തിയിരുന്നു. അതുണ്ടായത് ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ ആ കേസിൽ ചേവായൂർ പൊലീസാണ് തുടർനടപടികൾ സ്വീകരിച്ചത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!