ഓണസമ്മാനം: ക്ഷേമ പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ചുള്ള ക്ഷേമ പെൻഷനുകളുടെയും വിവിധ സാമ്പത്തിക ആനുകൂല്യങ്ങളുടെയും വിതരണം ഇന്ന് മുതൽ ആരംഭിക്കും. സാമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കുന്ന 59,00,472 ഗുണഭോക്താക്കൾക്കായി 951.40 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.

 

ഈ മാസം 31 വരെ പെൻഷൻ വിതരണം തുടരും. വിവിധ ക്ഷേമനിധി ബോർഡുകൾ വഴി 6.59 ലക്ഷം പേർക്കായി 130.32 കോടി രൂപയും വാർദ്ധക്യ, ഭിന്നശേഷി, വിധവാ പെൻഷനുകളുടെ കേന്ദ്ര-സംസ്ഥാന വിഹിതമായി 8,46,456 പേർക്കായി 24.76 കോടി രൂപയും ഇന്ന് മുതൽ വിതരണം ചെയ്യും. കൂടാതെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ വീതം ലഭിക്കും.

 

സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾക്കായി 630.5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അങ്കണവാടി പെൻഷൻ കുടിശ്ശിക തീർക്കാൻ മുൻപ് അനുവദിച്ച 10 കോടിക്ക് പുറമെ 24 കോടി രൂപ കൂടി അനുവദിച്ചു. സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4500 രൂപ ബോണസും 20,000 രൂപ ഓണം അഡ്വാൻസും ലഭിക്കും. ബോണസിന് അർഹതയില്ലാത്തവർക്ക് 3000 രൂപ ഉത്സവബത്തയായി നൽകും. പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർക്ക് 6000 രൂപ അഡ്വാൻസും സർവീസ് പെൻഷൻകാർക്ക് 1250 രൂപ ബോണസും ആശാ-അങ്കണവാടി പ്രവർത്തകർക്ക് 1450 രൂപ ഉത്സവബത്തയും ലഭിക്കും.

 

പിന്നാക്ക വിഭാഗ സ്കോളർഷിപ്പ് കുടിശ്ശിക തീർപ്പാക്കാൻ 310 കോടി രൂപയും കാസ്പ് (KAASP), ആരോഗ്യ കിരണം പദ്ധതികളുടെ അടിയന്തര ബാധ്യതകൾക്കായി 200 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. ഓണവിപണി സജീവമാക്കാൻ സപ്ലൈകോയ്ക്ക് 53 കോടി രൂപയും കൺസ്യൂമർഫെഡിന് 25 കോടി രൂപയും അനുവദിച്ചു. 2026 ജൂലൈ 31 വരെയുള്ള നെല്ല് സംഭരണ പി.ആർ.എസ് (PRS) കുടിശ്ശിക തീർപ്പാക്കാൻ 150 കോടി രൂപ അനുവദിച്ചിട്ടുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!