മാല കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി പിടിയിൽ ജില്ലയിൽ പിടിയിലായവരുടെ എണ്ണം ഏഴായി

കൽപ്പറ്റ:മാല കവര്‍ച്ചാ കേസുകളില്‍ ജില്ലയില്‍ പിടിയിലായവരുടെ എണ്ണം ഏഴായി. ജില്ലയെ മുഴുവന്‍ ആശങ്കയിലാഴ്ത്തി വിലസിയ മാല കവര്‍ച്ചാസംഘത്തിലെ രണ്ട് പേരെ കൂടി വലയിലാക്കി വയനാട് പോലീസ്. തമിഴ്‌നാട് സ്വദേശികളായ മധുരൈ, ചിന്താമണി, എം. രവി.(48), ശിവഗംഗ, മടപുര, എം. മാരിമുത്തു എന്ന പാണ്ഡ്യന്‍(39) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ സ്‌ക്വാഡും (SAGOC) ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്.

 

വാടകക്ക് താമസിച്ചു വന്നിരുന്ന മലപ്പുറം, ഐക്കരപടിയിലെ റൂമില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബത്തേരിയിലെ മാല മോഷണ കേസില്‍ പിടിയിലായവരുടെ കൂട്ടാളികളാണിവര്‍. ഇതോടെ മാല കവര്‍ച്ചാ കേസുകളില്‍ ജില്ലയില്‍ പിടിയിലായവരുടെ എണ്ണം ഏഴായി.

 

അമ്മായിപ്പാലത്ത് നിന്നും ബത്തേരിയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യാത്ര ചെയ്ത നെന്മേനി സ്വദേശിയുടെ മൂന്ന് പവന്റെ മാലയും ഒരു ഗ്രാം താലിയും അടങ്ങിയ ഏകദേശം 3,82,000 വിലവരുന്ന ആഭരണവും ആണ് വലിച്ച് പൊട്ടിച്ച് കവര്‍ന്നത്. ബത്തേരി ഗാന്ധി ജംഗ്ഷനില്‍ എത്തിയപ്പോള്‍ വയോധിക മോഷണം നടന്നത് അറിയുകയും, വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് കൃത്യമായി അന്വേഷണം നടത്തുകയും ചെയ്തു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മധുരൈ സ്വദേശികളായ അളകനല്ലൂര്‍, ഈശ്വരി (47), അളകനല്ലൂര്‍, കണ്ണകി എന്ന അര്‍ച്ചന എന്ന രമ്യ(30), എന്നിവരെ മീനങ്ങാടി പഞ്ചായത്ത് പരിസരത്ത് വെച്ച് പിടികൂടി.

 

മീനങ്ങാടിയിലെ ഫാന്‍സി കടയില്‍ നിന്നും കോസ്മറ്റിക് ഉല്‍പ്പന്നങ്ങള്‍ മോഷ്ടിച്ചതും ഇവര്‍ തന്നെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പരസ്പരവിരുദ്ധമായി സംസാരിച്ചും പൂര്‍ണമായി വിവരം വെളിപ്പെടുത്താതെയും ഇവര്‍ അന്വേഷണവുമായി സഹകരിച്ചില്ലെങ്കിലും പോലീസിന്റെ കൃത്യവും ശാസ്ത്രീയവുമായ അന്വേഷണം കൂട്ടുപ്രതികളായ ഈശ്വരിയുടെ ഭര്‍ത്താവായ രവിയിലേക്കും, രമ്യയുടെ ഭര്‍ത്താവായ മാരിമുത്തിലേക്കുമെത്തുകയായിരുന്നു.

 

മോഷണത്തിലൂടെ ലഭിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍പ്പന നടത്തി വീതം വെച്ച് എടുക്കുന്നതാണ് ഇവരുടെ രീതി. ഈശ്വരിക്ക് പാനൂര്‍, വാടാനപ്പിള്ളി, അടൂര്‍ എന്നീ പോലീസ് സ്‌റ്റേഷനുകളിലും, രമ്യക്ക് തൃശൂര്‍ വെസ്റ്റ്, കൊയിലാണ്ടി എന്നീ പോലീസ് സ്‌റ്റേഷനുകളിലും മോഷണ കേസുകളുണ്ട്. കൂടാതെ മറ്റു പേരുകളിലും ഇവർ അറിയപ്പെടുന്നുണ്ട്.

 

മാനന്തവാടിയിൽ വച്ച് അമരക്കുനി സ്വദേശിനിയായ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ മൂന്ന് പേര്‍ റിമാന്‍ഡില്‍ .

 

പുല്‍പ്പള്ളി അമരക്കുനി സ്വദേശിനിയായ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേരെ ചൊവ്വാഴ്ച പോലീസ് പിടികൂടിയിരുന്നു. തമിഴ്‌നാട്, ഗണപതി കോവില്‍ തെരുവില്‍ ഇന്ദുമതി(49), ഗണപതിപക്കം സ്വദേശികളായ ജാന്‍വി(34), സുധ(31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വയോധിക ബസില്‍ പുല്‍പ്പള്ളിയില്‍ നിന്ന് മാനന്തവാടി പോകുന്നതിനിടെ തട്ടിപ്പ്‌സംഘത്തിലെ ഒരാള്‍ ഡോക്ടറാണെന്ന് പരിചയപ്പെടുത്തി സൗഹൃദം സ്ഥാപിക്കുകയും ബസ് ഇറങ്ങി നടക്കുന്നതിനിടെ സഹായിക്കാമെന്ന് പറഞ്ഞ് കൂടെ കൂടിയ സംഘം മാല കവരാന്‍ ശ്രമിക്കുകയുമായിരുന്നു. വിവരമറിഞ്ഞ പോലീസിന്റെ കൃത്യമായ അന്വേഷണത്തിനൊടുവില്‍ പീച്ചങ്കോട് വെച്ച് മൂന്ന് സ്ത്രീകളെ പിടികൂടുകയായിരുന്നു. ഇവരും മുൻപ് വിവിധ മോഷണക്കേസുകളിൽപ്പെട്ടവരാണ്.

 

ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹര്‍ ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ ജില്ലയില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞു നടത്തിയ അന്വേഷണത്തിനൊടുവിലാണ് തട്ടിപ്പ് സംഘം വലയിലായത്. പ്രത്യേക അന്വേഷണ സംഘമായ SAGOC, DANSAF കൂടാതെ മാനന്തവാടി എ.എസ്.പി കാര്‍ത്തിക് ബാലകുമാർ ഐ.പി.എസ്, ഡിവൈ.എസ്.പി മാരായ എം.എം അബ്ദുള്‍ കരീം, ടി.എ അഗസ്റ്റിന്‍, തുടങ്ങിയവരുടെ കീഴില്‍ പ്രത്യേക അന്വേഷണ സംഘങ്ങളായി തിരിഞ്ഞ് ജില്ലയിലുടനീളം ബസുകളും, ഓട്ടോറിക്ഷകളും, ലോഡ്ജുകളും, ബസ് സ്റ്റാന്റുകളും മറ്റും കേന്ദ്ര്വീകരിച്ച് പരിശോധന ശക്തമാക്കിയിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!