സംസ്ഥാന ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് മാസങ്ങളായി മുടങ്ങിക്കിടന്ന വേതനപ്രതിസന്ധിയിൽ നേരിട്ട് ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയിലെ ടൂറിസം മേഖലയിൽ ജോലി ചെയ്യുന്ന 54 കുടുംബശ്രീ പ്രവർത്തകർ കഴിഞ്ഞ അഞ്ച് മാസമായി വേതനം ലഭിക്കാതെ കടുത്ത ദുരിതത്തിലാണെന്ന പരാതിയുമായി മന്ത്രിയെ സമീപിക്കുകയായിരുന്നു.
ഓണക്കാലമായിട്ടും കൂലി കിട്ടാതെ നിത്യച്ചെലവുകൾക്കും വീട്ടുവാടകയ്ക്കും പോലും വഴിയില്ലാതെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് തങ്ങളെന്ന് ജീവനക്കാർ വിതുമ്പലോടെ അദ്ദേഹത്തെ അറിയിച്ചു.തൊഴിലാളികളുടെ കഷ്ടപ്പാട് നേരിട്ട് കണ്ടറിഞ്ഞ മന്ത്രി, ജീവനക്കാർക്ക് ഓണം ആഘോഷിക്കാൻ തടസ്സമുണ്ടാകരുതെന്ന് വ്യക്തമാക്കി സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ നൽകാൻ മുന്നോട്ടുവരികയായിരുന്നു.
54 പേർക്ക് ആവശ്യമായ തുക താൻ ഡെപ്പോസിറ്റ് ചെയ്യാൻ നൽകുകയാണെന്നും, അനാവശ്യ സമ്മർദ്ദങ്ങളില്ലാതെ ഈ തുക ഉപയോഗിച്ച് ജീവനക്കാർക്ക് ഉടൻ പണം വിതരണം ചെയ്യണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ഔദ്യോഗികമായി ശമ്പളത്തുക അക്കൗണ്ടിലേക്ക് എത്തുമ്പോൾ അത് തിരികെ ക്രമീകരിച്ചാൽ മതിയെന്ന വ്യവസ്ഥയിലാണ് മന്ത്രി അടിയന്തര സഹായം ലഭ്യമാക്കിയത്. മന്ത്രിയുടെ ഈ മാതൃകാപരമായ ഇടപെടലിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയും വലിയ പ്രശംസ നേടുകയും ചെയ്യുകയാണ്.
