തിരുവനന്തപുരം: കേരളത്തെ ലോകത്തിന് മുന്നില്‍ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്. ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സവിശേഷതകളും പ്രകൃതിമനോഹാരിതയും അന്താരാഷ്ട്ര തലത്തില്‍ അവതരിപ്പിക്കുന്നതിനായി നിരവധി സമഗ്ര പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ തുടക്കമിടുന്നത്. തുറമുഖങ്ങളും കായലുകളും നദികളും സംയോജിപ്പിച്ചുകൊണ്ടുള്ള ഇന്റഗ്രേറ്റഡ് ടൂറിസം പ്രോജക്ട് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്കായി ക്രുയിസ് ടെര്‍മിനലുകള്‍, റിവര്‍ ക്രുയിസുകള്‍ എന്നിവ നടപ്പിലാക്കുകയും റോഡ്, റെയില്‍ കണക്റ്റിവിറ്റി കൂടുതല്‍ ശക്തമാക്കുകയും ചെയ്യും. സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ജനങ്ങളുടെ പങ്കാളിത്തത്തോടെ ‘സീറോ വേസ്റ്റ്’ ക്ലീന്‍ കേന്ദ്രങ്ങളാക്കി മാറ്റും. ബീച്ച്, റിവര്‍, ഫോറസ്റ്റ് ടൂറിസങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഓഷ്യനേറിയവും സജ്ജമാക്കും.
പോര്‍ച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് കാലഘട്ടങ്ങള്‍ ഉള്‍പ്പെടുന്ന കേരളത്തിന്റെ സമുദ്ര പാരമ്പര്യം പ്രദര്‍ശിപ്പിക്കുന്നതിനായി അന്താരാഷ്ട്ര നിലവാരമുള്ള ഇന്റര്‍നാഷണല്‍ മാരിടൈം മ്യൂസിയവും സ്ഥാപിക്കും. മറ്റ് സംസ്ഥാനങ്ങളിലില്ലാത്ത രീതിയിലുള്ള അത്യാധുനിക ഫിലിം സിറ്റിയും സാഹിത്യകാരന് എം.ടി. വാസുദേവന്‍ നായരുടെ ഓര്‍മ്മയ്ക്കായി അന്താരാഷ്ട്ര നിലവാരമുള്ള കള്‍ച്ചറല്‍ പാര്‍ക്കും യാഥാര്‍ത്ഥ്യമാക്കും. തലസ്ഥാനത്തിന്റെ വികസന പദ്ധതി സര്‍പ്രൈസായി നിലനിര്‍ത്തുകയാണെന്നും അധികം വൈകാതെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജാതി, മത വ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒന്നിച്ചുചേരുന്ന അപൂര്‍വ്വ അവസരമാണ് ഓണമെന്നും ഓണത്തിന്റെ അനുഭവങ്ങള്‍ വരാനിരിക്കുന്ന കാലത്തേക്ക് കൂടിയുള്ളതാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഈ ഓണകാലത്ത് എല്ലാവരും സന്തോഷത്തോടുകൂടി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും എല്ലാവരുടെയും കൈകളിലേക്കും പണമെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആഘോഷം മാത്രമല്ല മലയാളിയുടെ ജീവിതം ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്താനുള്ള അവസരം കൂടിയാണ് വാരാഘോഷത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ടൂറിസം സാംസ്കാരികം സിനിമ വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. നടന് കുഞ്ചാക്കോ ബോബന് മുഖ്യാതിഥിയായിരുന്നു.
ചടങ്ങില്‍ ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്, ഡോ. ശശി തരൂര്‍ എംപി, എംഎല്‍എമാരായ എം.വിന്‍സെന്റ്, എന്‍.ശക്തന്, ജി.സ്റ്റീഫന്‍, രമ്യ ഹരിദാസ്, സുധീര്‍ഷാ പാലോട്, ജി.ആര് അനില്‍, മേയര്‍ വി.വി രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദര്‍ശിനി, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ടൂറിസം സെക്രട്ടറി കെ.ബിജു, ഡയറക്ടര്‍ എം.അഞ്ജന, അഡീഷണല്‍ ഡയറക്ടര്‍ ശ്രീധന്യ സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
