പൂഞ്ചിൽ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്താൻ ഡ്രോൺ ; അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ഇന്ത്യൻ സൈന്യം, തിരച്ചിൽ ഊർജ്ജിതം

ശ്രീനഗർ : ജമ്മു കാശ്മീരിൽ ആശങ്ക സൃഷ്ടിച്ച് പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് (എൽഒസി) സമീപം പാകിസ്താനിൽ നിന്നുള്ളതെന്ന് സംശയിക്കുന്ന ഡ്രോൺ കണ്ടെത്തി. പൂഞ്ചിലെ മെന്ധാർ സെക്ടറിലുള്ള ബാലാകോട്ട് ഏരിയയിലെ ബെഹ്റൂട്ടി ഗ്രാമത്തിന് മുകളിലാണ് വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ ഡ്രോൺ പറക്കുന്നത് സുരക്ഷാസേനയുടെ ശ്രദ്ധയിൽപ്പെട്ടത്. അതിർത്തിയിലെ മംഗൾനാർ-ദബ്രോട്ട് മേഖലയിലേക്ക് നീങ്ങിയ ഡ്രോൺ മിനിറ്റുകൾക്കകം പാകിസ്താൻ ഭാഗത്തേക്ക് തന്നെ തിരികെ പറന്നുപോയി. 22 ജമ്മു ആൻഡ് കാശ്മീർ റൈഫിൾസ് സൈനിക വിഭാഗത്തിന്റെ നിരീക്ഷണ പരിധിയിലാണ് സംഭവം നടന്നത്.

 

പാകിസ്താൻ ഡ്രോൺ വഴി മയക്കുമരുന്നോ ആയുധങ്ങളോ അതിർത്തിയിൽ നിക്ഷേപിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ ശനിയാഴ്ച പുലർച്ചെ മുതൽ സൈന്യം പ്രദേശത്ത് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. പൂഞ്ചിലെ മുൻനിര ഗ്രാമങ്ങൾ പൂർണ്ണമായി വളഞ്ഞാണ് ഇന്ത്യൻ സൈന്യവും ജമ്മു കാശ്മീർ പോലീസും പരിശോധന നടത്തുന്നത്. അതിർത്തി വഴി ആയുധങ്ങളും സ്ഫോടകവസ്തുക്കളും കടത്താനുള്ള പാകിസ്താൻ ഭീകരസംഘടനകളുടെ നീക്കം തകർക്കാൻ അതിർത്തിയിൽ അതിതീവ്ര ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിൽ റഡാർ നിരീക്ഷണവും ഡ്രോൺ വിരുദ്ധ സംവിധാനങ്ങളും സൈന്യം ശക്തമാക്കിയിട്ടുണ്ട്.

 

ഇതിന് പുറമെ സമീപ ജില്ലകളായ രജൗരി, ഉദ്ധംപൂർ, കത്വ എന്നിവിടങ്ങളിലെ വനമേഖലകളിലും സുരക്ഷാസേനയും പോലീസും ചേന്ന് വൻ തിരച്ചിൽ നടത്തുന്നുണ്ട്. രജൗരിയിലെ ഗൈബാസ്, മൊഗ്ല മേഖലകളിൽ രണ്ട് സായുധ ഭീകരരുടെ സാന്നിധ്യം പ്രാദേശികവാസികൾ അറിയിച്ചതിനെ തുടർന്നാണ് ഇവിടെ പരിശോധന ശക്തമാക്കിയത്. സാംബ, കത്വ അതിർത്തികളിൽ മുൻ ദിവസങ്ങളിലും ഡ്രോൺ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ തടയുന്നതിനായി നിയന്ത്രണ രേഖയിലുടനീളം രാപ്പകൽ പട്രോളിംഗ് നടത്തുന്നുണ്ടെന്നും സൈന്യം അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!