വ്യാജ ലൈസൻസ് തട്ടിപ്പ്: തിരൂരങ്ങാടി കേന്ദ്രീകരിച്ച് നിർമിച്ച ലൈസൻസുകൾ മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി

മലപ്പുറം: തിരൂരങ്ങാടി സബ് ആർടി ഓഫീസ് കേന്ദ്രീകരിച്ച് നടന്ന വൻ ഡ്രൈവിങ് ലൈസൻസ് തട്ടിപ്പിൽ മോട്ടോർ വാഹന വകുപ്പ് കർശന നടപടി സ്വീകരിച്ചു. തട്ടിപ്പിലൂടെ നിർമിച്ച വ്യാജ ലൈസൻസുകൾ മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. ഡ്രൈവിങ് ടെസ്റ്റ് പോലുമില്ലാതെ ഏജന്റുമാർ മുഖേന പണം നൽകി നിർമിച്ച 25ഓളം വ്യാജ ലൈസൻസുകളാണ് വകുപ്പ് ഇപ്പോൾ അസാധുവാക്കിയിട്ടുള്ളത്. മോട്ടോർ വാഹന വകുപ്പിന്റെ സ്പെഷ്യൽ സ്ക്വാഡ് ആണ് ഈ വൻ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.

 

കർണാടകയിലെ മൈസൂരിൽ നിന്ന് ലഭിക്കുന്ന ഡ്രൈവിങ് ലൈസൻസുകളിലാണ് പ്രധാനമായും തിരിമറി നടത്തിയിരുന്നത്. ഈ ലൈസൻസുകളിലെ പേര്, മേൽവിലാസം, ഒപ്പ്, ഫോട്ടോ എന്നിവ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ ‘സാരഥി’ സോഫ്റ്റ്‌വെയറിലെ പഴുതുകൾ ഉപയോഗിച്ച് തിരുത്തിയാണ് തട്ടിപ്പ് നടത്തിയത്. ഇത്തരത്തിൽ കർണാടക ലൈസൻസുകൾ കേരളത്തിൽ അനുവദിച്ച ലൈസൻസുകളാക്കി മാറ്റിയെടുക്കുകയായിരുന്നു. മൈസൂരിലും കേരളത്തിലുമുള്ള ഏജന്റുമാരും ചില ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന വലിയൊരു സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. പണം നൽകുന്നവർക്ക് ടെസ്റ്റിനോ മറ്റു നടപടിക്രമങ്ങൾക്കോ പോകാതെ തന്നെ അനായാസം ലൈസൻസ് ലഭിക്കുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.

 

മലപ്പുറം, വയനാട്, പാലക്കാട് തുടങ്ങി വിവിധ ജില്ലകളിൽ നിന്നുള്ളവരാണ് ഏജന്റുമാർ മുഖേന തിരൂരങ്ങാടിയിൽ എത്തി ഈ വ്യാജ ലൈസൻസുകൾ സ്വന്തമാക്കിയത്. ലൈസൻസ് ഉടമകൾക്ക് നോട്ടീസ് നൽകുകയും അവരെ നേരിട്ട് വിളിച്ച് ഹിയറിങ് നടത്തുകയും ചെയ്ത ശേഷമാണ് മോട്ടോർ വാഹന വകുപ്പ് ഈ ലൈസൻസുകൾ പൂർണമായും റദ്ദാക്കുന്ന നടപടിയിലേക്ക് കടന്നത്. കത്ത് കൈപ്പറ്റാത്തവർക്ക് വീണ്ടും നോട്ടീസ് അയച്ച് ഉറപ്പുവരുത്തിയ ശേഷമായിരുന്നു റദ്ദാക്കൽ നടപടികൾ.

 

ഔദ്യോഗിക രേഖകളിൽ തിരിമറി നടത്തി വ്യാജ രേഖകൾ നിർമിക്കുന്നത് രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന ഗുരുതരമായ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. നേരത്തെ ഈ സംഭവം കണ്ടെത്തിയപ്പോൾ ജോയിന്റ് ആർടിഒ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും കാര്യമായ തുടർ അന്വേഷണം നടന്നിരുന്നില്ല. താഴെത്തട്ടിലുള്ള ഏതാനും ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും പിന്നീട് സർവ്വീസിൽ തിരിച്ചെടുക്കുകയും ചെയ്തതൊഴിച്ചാൽ, തട്ടിപ്പിന് നേതൃത്വം നൽകിയ ഏജന്റുമാരിലേക്കോ മറ്റ് കണ്ണികളിലേക്കോ അന്വേഷണം എത്തിയിരുന്നില്ല. എന്നാൽ, പുതിയ പരാതികളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ സംസ്ഥാന വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ തട്ടിപ്പിലെ ഇടനിലക്കാരെയും മറ്റ് ഉദ്യോഗസ്ഥരെയും കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!