മുള്ളൻകൊല്ലി: അറിവിന്റെ കൗതുകങ്ങളും സർഗാത്മകതയുടെ പുതുമകളും ഒരേ വേദിയിൽ അണിനിരത്തി സെന്റ് തോമസ് എ.യു.പി. സ്കൂളിൽ സംഘടിപ്പിച്ച ‘Discover 2K26’ പ്രവർത്തിപരിചയ–ശാസ്ത്ര–ഗണിതശാസ്ത്ര–സാമൂഹ്യശാസ്ത്ര മേള ശ്രദ്ധേയമായി.
സ്കൂൾ ജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന മേള നിർമ്മല ഹൈസ്കൂൾ, കബനിഗിരിയിലെ അധ്യാപകൻ ശ്രീ. ആന്റണി എം. എം. ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ അന്വേഷണത്വരയും നിരീക്ഷണപാടവവും പ്രായോഗിക അറിവും വളർത്തുന്നതിൽ ഇത്തരം മേളകൾക്കുള്ള പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഉദ്ഘാടന ചടങ്ങിന് ഹെഡ്മിസ്ട്രസ് ശ്രീമതി മിനി ജോൺ അധ്യക്ഷത വഹിച്ചു. സ്കൂളിലെ അധ്യാപകരായ ജോയിസി ജോർജ്, സിസ്റ്റർ ബിന്ദു എം.ജെ, നൗഫൽ കെ എം, റോണി ജോർജ്, ധന്യ സഖറിയാസ്, എന്നിവർ ചടങ്ങിൽ സംസാരിച്ചു.
‘കാണാം, അറിയാം, ചെയ്തുപഠിക്കാം’ എന്ന ആശയത്തെ അന്വർഥമാക്കുന്ന തരത്തിലായിരുന്നു മേളയിലെ ഓരോ കാഴ്ചയും.പാഴ്വസ്തുക്കൾക്ക് പുതുജീവൻ നൽകുന്ന കരകൗശല സൃഷ്ടികൾ മുതൽ കൗതുകമുണർത്തുന്ന ശാസ്ത്ര പരീക്ഷണങ്ങളും മാതൃകകളും വരെ പ്രവർത്തിപരിചയ–ശാസ്ത്രമേളകളെ സമ്പന്നമാക്കി. ഗണിതത്തെ രസകരവും ലളിതവുമാക്കുന്ന മാതൃകകളും കളികളും ഗണിതശാസ്ത്രമേളയുടെ ആകർഷണമായി.
ചരിത്രവും ഭൂമിശാസ്ത്രവും സാമൂഹികജീവിതവും കുട്ടികളുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിച്ച സാമൂഹ്യശാസ്ത്ര പ്രദർശനങ്ങളും ശ്രദ്ധ നേടി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ ഒരുക്കിയ ‘Discover 2K26’ അറിവിന്റെയും സർഗാത്മകതയുടെയും ഉത്സവമായി മാറി.
