ഇന്ന് ശ്രീകൃഷ്ണ ജയന്തി; നാടെങ്ങും ശോഭായാത്രകൾ

തിരുവനന്തപുരം: നാടെങ്ങും ശ്രീകൃഷ്ണ ജയന്തിയുടെ ആഘോഷ നിറവിൽ. വിവിധ ക്ഷേത്ര സമിതികളുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വിപുലമായ രീതിയിലാണ് അഷ്ടമിരോഹിണി ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. വൈകുന്നേരങ്ങളിൽ തെരുവുകളിലാകെ കളിചിരിയും കുസൃതികളുമായി ഉണ്ണിക്കണ്ണന്മാർ നിറയും. ആയിരക്കണക്കിന് ഉണ്ണിക്കണ്ണന്മാരും ഗോപികമാരും അണിനിരക്കുന്ന ശോഭയാത്രകളാണ് ഗ്രാമ നഗര വീഥികളിൽ ഇന്ന് അരങ്ങേറുന്നത്. ഗുരുവായൂർ, അമ്പലപ്പുഴ തുടങ്ങി പ്രശസ്തമായ കൃഷ്ണക്ഷേത്രങ്ങളിലെല്ലാം പുലർച്ചെ മുതൽ പ്രത്യേക പൂജകളും ദർശനങ്ങളും ആരംഭിച്ചിരുന്നു.

ഹിന്ദുമത വിശ്വാസത്തിൽ ഏറ്റവും ശ്രേഷ്ഠമായ ഒരു ആഘോഷമാണ് ശ്രീകൃഷ്ണജയന്തി അഥവാ കൃഷ്ണ ജന്മാഷ്ടമി. ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനത്തിലാണ് ഇത് ആഘോഷമാക്കുന്നത്. അതായത് ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് കംസൻ എന്ന ക്രൂരനായ അസുര രാജാവിന്റെ സ്വേച്ഛാധിപത്യ ഭരണത്തിന് കീഴിൽ നമ്മുടെ ഭാരതം ഭയന്ന് വിറങ്ങലിച്ചു നിൽക്കുകയായിരുന്നു. കംസന്റെ ഭരണത്തിൽ രാജ്യത്ത് ധർമ്മവും സത്യവും നീതിയും നിലച്ചുപോയി.

 

ദേവകിയുടെ എട്ടാമത്തെ പുത്രൻ തന്നെ വധിക്കും…

 

ഇരുണ്ട കാലം എന്നു വിശേഷിച്ചിരുന്ന ആ സമയത്ത് ജനങ്ങൾ നന്മയുടെ ഒരു വെളിച്ചത്തിനു വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുകയായിരുന്നു. അങ്ങനെ തന്റെ സഹോദരിയായ ദേവകിയുടെ വിവാഹ ദിവസം കംസൻ ഞെട്ടിക്കുന്ന ആ സത്യം അറിഞ്ഞു. ദേവകിയുടെ എട്ടാമത്തെ പുത്രൻ തന്നെ വധിക്കും. ഇതറിഞ്ഞതോടെ ഭയന്ന് കംസൻ ദേവകിയെയും ഭർത്താവായ വസുദേവരേയും മധുരയിലെ ഒരു ഇരുണ്ട കാരാഗ്രഹത്തിൽ അടച്ചു.

 

വർഷങ്ങൾ കടന്നുപോയി ഭയത്താൽ കോപിതനായ കംസൻ അവിടെ പിറന്ന അവരുടെ ഏഴ് മക്കളെയും ദയയില്ലാതെ വധിച്ചു. ഒടുവിൽ ആ കാത്തിരിപ്പിന്റെ രാവെത്തി. ഭദ്രപദ മാസത്തിലെ കറുത്ത പക്ഷത്തിലെ അഷ്ടമി ദിനം. ആ മുഹൂർത്തത്തിനു വേണ്ടി പ്രകൃതിയും മനുഷ്യരും ജീവജാലങ്ങളും എല്ലാം ഒരേപോലെ കാത്തിരിക്കുകയായിരുന്നു. കറുത്തിരണ്ട മേഘങ്ങളും തടിച്ചുകൂടി ഇടിയും മിന്നലും അന്തരീക്ഷത്തെ വിറപ്പിച്ചു.

 

മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണൻ…

 

പെരുമഴയിൽ ലോകം മുഴുവൻ ഉറങ്ങിപ്പോയ ആ അർദ്ധരാത്രിയിൽ ആ തണുത്ത ജയിൽ മുറിക്കുള്ളിൽ ഒരു ദിവ്യജ്യോതിസ് അവതരിച്ചു. പാപങ്ങളുടെ ഭാരം പേറുന്ന ഭൂമിയെ രക്ഷിക്കുന്നതിനും ധർമ്മം പുനസ്ഥാപിക്കുന്നതിനു വേണ്ടി ഭഗവാൻ മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണൻ അവതരിച്ചു. അങ്ങനെ ശ്രീകൃഷ്ണൻ ദേവകിയുടെയും വസുദേവരുടേയും മകനായി ആ രാത്രി ജന്മം എടുത്തു.

 

ഉണ്ണിക്കണ്ണൻ ജനിച്ചതോടെ ജയിലിലെ ഇരുമ്പ് ചങ്ങലകൾ സ്വയം അഴിഞ്ഞു വീഴുകയും വലിയ കവാടങ്ങൾ തുറക്കുകയും ചെയ്തു. സദാസമയവും ദേവകിയെയും വസുദേവരേയും നിരീക്ഷിച്ചുകൊണ്ടിരുന്ന കാവൽക്കാർ പോലും ആ സമയത്ത് ആഴത്തിലുള്ള ഉറക്കത്തിലായി. കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിന് വേണ്ടി വസുദേവർ ആ അർദ്ധരാത്രിയിൽ ഉണ്ണിക്കണ്ണനെയും കൊണ്ട് കരകവിഞ്ഞൊഴുകുന്ന യമുനാ നദി മുറിച്ചു കടന്ന് ഗോകുലത്തിലേക്ക് തിരിച്ചു. ആ കൊടും മഴയിൽ അനന്തൻ ( സർപ്പം ) തന്റെ ഫണം വിടർത്തി ഉണ്ണിക്കണ്ണന് കുട പിടിച്ചു ഗോകുലത്തിൽ നന്ദഗോപരുടെയും യശോദയുടെയും അടുക്കൽ കുഞ്ഞിനെ സുരക്ഷിതമായി ഏൽപ്പിച്ച വസുദേവർ പകരം അവരുടെ പെൺകുഞ്ഞിനെയും എടുത്ത് ജയിലിലേക്ക് മടങ്ങി.

 

അത്തരത്തിൽ ലോകത്തെ മുഴുവൻ വെളിച്ചത്തിലേക്കും നന്മയിലേക്കും എത്തിച്ച ശ്രീകൃഷ്ണൻ പിറന്ന ദിവസമാണ് നാം കൃഷ്ണജന്മഷ്ടമി അഥവാ ശ്രീകൃഷ്ണ ജയന്തിയായി ആഘോഷിക്കുന്നത്.. ഈ വർഷത്തെ ശ്രീകൃഷ്ണജയന്തി വരുന്നത് സെപ്റ്റംബർ 4 വെള്ളിയാഴ്ചയാണ്. ഗോകുലാഷ്ടമി, കൃഷ്ണാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണജയന്തി എന്നിങ്ങനെ വിവിധ പേരുകളിലും ഇത് അറിയപ്പെടുന്നു. നന്മയ്ക്കു മേൽ തിന്മയുടെ വിജയമായാണ് ഈ ദിവസത്തെ കണക്കാക്കുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!