പുൽപള്ളി: മൂന്ന് മാസമായി കുടിശികയായ പ്രവാസി പെൻഷൻ നൽകുന്നതിന് സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കേരള പ്രവാസി സംഘം മുള്ളൻകൊല്ലി പഞ്ചായത്ത് കൺവൻഷൻ ആവശ്യപ്പെട്ടു. കഴിഞ്ഞ 10 വർഷമായി കുടിശികയില്ലാതെ നൽകിയിരുന്ന പ്രവാസി പെൻഷൻ ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കുടിശികയാണ്. പെൻഷൻ നൽകുന്നതിന് സർക്കാർ തയ്യാറാകാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികളിലേക്ക് കടക്കുമെന്ന് കൺവൻഷൻ മുന്നറിയിപ്പ് നൽകി.
പഞ്ചായത്തിലെ പ്രവാസികളുടെ പുനരധിവാസത്തിന് പഞ്ചായത്ത് ഭരണസമിതി അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രവാസി സംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ജോബിഷ് ജോർജ് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി സി പി വിൻസൻ്റ് പതാക ഉയർത്തി. മുള്ളൻകൊല്ലി പഞ്ചായത്ത് മെമ്പർ ജിഷ സെബാസ്റ്റ്യൻ, സിപിഎം പാടിച്ചിറ ലോക്കൽ കമ്മിറ്റി സെക്രട്ടറി സണ്ണി ജോസഫ്, പ്രവാസി സംഘം പുൽപള്ളി ഏരിയ സെക്രട്ടറി അഡ്വ: വിനു മാത്യു എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി ജോബിഷ് ജോർജ് (പ്രസിഡൻ്റ്), അനീഷ് ബിസെക്രട്ടറി), വിഷ്ണു സജി (ട്രഷറർ) എന്നിവരടങ്ങുന്ന ഒൻപതംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
