തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം (ഒഎംഎസ്എസ്) പ്രകാരമുള്ള പ്രത്യേക അരി തുടർച്ചയായി ലഭ്യമാക്കുന്നതിനുള്ള സാധ്യത പരിശോധിക്കാൻ മന്ത്രി അനൂപ് ജേക്കബ് നിർദേശം നൽകി ഓണത്തോടനുബന്ധിച്ച് കഴിഞ്ഞ മാസം ആരംഭിച്ച ഒഎംഎസ്എസ് സ്പെഷ്യൽ അരി വിതരണം ഈ മാസവും തുടരുമെന്ന് മന്ത്രി അറിയിച്ചു.
ക്രിസ്മസ് കാലത്തും പ്രത്യേക അരി വിതരണം ചെയ്യുന്നതിനായി എഫ്‌സിഐ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതായി മന്ത്രി വ്യക്തമാക്കി. ഓണക്കാലത്ത് നടത്തിയ ഒഎംഎസ്എസ് അരി വിൽപനയുടെ വിശദാംശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്. റേഷൻ കടകളിലെ വിൽപനയുടെ തോത് അനുസരിച്ച് അരി വിതരണം പുനഃക്രമീകരിക്കും.ക്രിസ്മസ്-പുതുവത്സര കാലയളവിൽ പ്രത്യേക പച്ചരി കൂടി വിതരണം ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്. ഏത് വിഭാഗത്തിലുള്ളവർക്ക് എത്ര അളവിൽ വിതരണം ചെയ്യണമെന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും.
അതേസമയം, സ്കൂൾ വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിയിൽ കുത്തരി ഉൾപ്പെടുത്തുന്നതിനുള്ള നടപടികളും പരിശോധിച്ചുവരികയാണ്. ആവശ്യമായ അരി വിഹിതം അനുവദിക്കുന്നതിൽ തടസമില്ലെന്ന് യോഗത്തിൽ എഫ്‌സിഐ ജനറൽ മാനേജർ അറിയിച്ചു. ഉന്നതതല യോഗത്തിൽ എഫ്‌സിഐയിലെയും സിവിൽ സപ്ലൈസ് വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
