വ്യാജ പേവിഷ വാക്സീൻ വിപണിയില്‍; ജാഗ്രതാ നിര്‍ദേശം

കേരളത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന പേവിഷ വാക്സീനായ അഭയ്റാബിന്റെ പേരില്‍ വ്യാജ വാക്സീൻ വിപണിയിലെത്തിയതായി കേന്ദ്ര മരുന്നുനിലവാര നിയന്ത്രണ അതോറിറ്റിയുടെ മുന്നറിയിപ്പ്.അഭയ്റാബിന്റെ കെഇ25012 ബാച്ചിന്റെ നമ്പർ ഉപയോഗിച്ചാണ് വ്യാജ വാക്സീൻ പുറത്തിറക്കിയതെന്നാണ് കണ്ടെത്തല്‍.

 

ഇത് സംബന്ധിച്ച്‌ ഡ്രഗ് കണ്‍ട്രോളർ ജനറല്‍ ഓഫ് ഇന്ത്യ ഡോ. രാജീവ് സിങ് രഘുവംശി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളർക്ക് കത്തയച്ചു. സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കാൻ ഡ്രഗ് ഇൻസ്പെക്ടർമാർക്ക് നിർദേശം നല്‍കിയതായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളർ ഡോ. കെ. സുജിത്കുമാർ അറിയിച്ചു.

 

എന്നാല്‍ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ലഭിച്ചിട്ടും സംസ്ഥാനത്തെ സർക്കാർ മെഡിക്കല്‍ കോളജുകളിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗങ്ങള്‍ക്കും ജില്ലാ ആശുപത്രികള്‍ക്കും ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് വിവരം. അഭയ്റാബ് ഓണ്‍ലൈൻ വിപണിയിലും വ്യാപകമായി ലഭിക്കുന്ന സാഹചര്യത്തില്‍ വ്യാജ വാക്സീൻ സംബന്ധിച്ച മുന്നറിയിപ്പ് കൂടുതല്‍ ഗൗരവത്തോടെയാണ് ആരോഗ്യരംഗം കാണുന്നത്.ഇന്ത്യയിലെ ആഭ്യന്തര പേവിഷ വാക്സീൻ വിപണിയുടെ ഏകദേശം 40 ശതമാനം കൈകാര്യം ചെയ്യുന്ന ഇന്ത്യൻ ഇമ്യൂണോളജിക്കല്‍സ് ലിമിറ്റഡാണ് അഭയ്റാബ് നിർമിക്കുന്നത്. കെഇ25012 ബാച്ച്‌ ആവശ്യമായ എല്ലാ ഗുണനിലവാര പരിശോധനകളും വിജയിച്ചതാണെന്ന് കമ്പനി വ്യക്തമാക്കി. യഥാർഥ ബാച്ച്‌ നമ്പർ പകർത്തിയാണ് വ്യാജ വാക്സീൻ നിർമിച്ചതെന്നും കമ്പനി പ്രതികരിച്ചു.

 

അഭയ്റാബിന്റെ പേരില്‍ വ്യാജ വാക്സീൻ കണ്ടെത്തുന്നത് ഇതാദ്യമല്ല. 2025ലും കെഎ24014 ബാച്ചിന്റെ പേരില്‍ വ്യാജ വാക്സീൻ വിപണിയിലെത്തിയതായി കണ്ടെത്തിയിരുന്നു. പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രികളും ഫാർമസികളും വാക്സീന്റെ ബാച്ച്‌ നമ്പറും മറ്റ് വിവരങ്ങളും പരിശോധിച്ച ശേഷമേ ഉപയോഗിക്കാവൂ എന്ന മുന്നറിയിപ്പാണ് ഉയരുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!