മലപ്പുറത്തെ വിവിധ ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് അഞ്ച് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഏമങ്ങാട് സ്വദേശിയായ അസ്കറിനെയാണ് വണ്ടൂർ പോലീസ് പിടികൂടിയത്. വണ്ടൂരിലെ ഫെഡറൽ ബാങ്ക്, പൂക്കോട്ടുംപാടത്തെ സ്വകാര്യ ബാങ്ക് എന്നിവിടങ്ങളിലായി മൂന്ന് തവണകളായാണ് ഇയാൾ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്.
ആദ്യം പൂക്കോട്ടുംപാടത്തെ സ്വകാര്യ ബാങ്കിൽ മുക്കുപണ്ടമായ ഒരു വള പണയം വെച്ചാണ് പ്രതി രണ്ട് ലക്ഷത്തിലധികം രൂപ കൈക്കലാക്കിയത്. തുടർന്ന് ജൂൺ, ജൂലൈ മാസങ്ങളിലായി രണ്ട് വ്യത്യസ്ത അക്കൗണ്ടുകൾ വഴി വണ്ടൂർ ഫെഡറൽ ബാങ്കിൽ 11 ഗ്രാം മുക്കുപണ്ടം പണയം വെച്ച് വീണ്ടും രണ്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുക്കുകയായിരുന്നു.
പൂക്കോട്ടുംപാടത്തെ സ്വകാര്യ ബാങ്ക് അധികൃതർക്ക് തങ്ങൾ സ്വീകരിച്ച സ്വർണ്ണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്. തുടർന്ന് വണ്ടൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി അറസ്റ്റിലാവുകയായിരുന്നു. ബുധനാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.
