35 രൂപയുടെ ഊണ് ഇനി ഇല്ല? സാധാരണക്കാരന്റെ വയറ് നിറച്ച ജനകീയ ഹോട്ടലുകള്‍ അടച്ചുപൂട്ടുന്നു

സംസ്ഥാനത്ത്  20 രൂപയ്ക്ക് ഊണ് വിളമ്പി സാധാരണക്കാരന്റെ മനസും വയറും നിറച്ച കുടുംബശ്രീ ജനകീയ ഹോട്ടലുകളില്‍ പകുതിയിലേറെയും പൂട്ടി. വിശപ്പുരഹിത കേരളം പദ്ധതി പ്രകാരം കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഹോട്ടലുകള്‍ ആരംഭിച്ചത്. ഡ്രൈവർമാർ, തൊഴിലാളികള്‍, ദിവസവേതനക്കാർ ഉള്‍പ്പെടെ നിരവധിപ്പേർക്ക് ഈ ഭക്ഷണശാലകള്‍ പ്രയോജനപ്പെട്ടിരുന്നതാണ്. 150 ന് മുകളില്‍ ശരാശരി ഊണ് പോയിരുന്നു.

 

ആദ്യം 20 രൂപയ്ക്കാണ് ഊണ് തുടങ്ങിയത്. സാധനങ്ങളുടെ വിലക്കയറ്റവും മറ്റ് ചെലവുകളും ഉയർന്നതോടെ 35-40 രൂപയായി ഉയർത്തിയിട്ടുണ്ട്. തുടക്കത്തില്‍ ജില്ലയിലെ എല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും ജനകീയ ഹോട്ടലുകള്‍ ഉണ്ടായിരുന്നു. കോട്ടയം നഗരസഭയില്‍ മാത്രമാണ് ഇപ്പോള്‍ ഹോട്ടല്‍ പ്രവർത്തിക്കുന്നത്. മൂന്നില്‍ കൂടുതല്‍ കുടുംബശ്രീ അംഗങ്ങള്‍ അടങ്ങുന്ന യൂണിറ്റുകള്‍ക്കാണ് ചുമതല.

 

സബ്സിഡി നിറുത്തി, സഹായമില്ല

 

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 3 വർഷം മുൻപ് സർക്കാർ സബ്സിഡി നിറുത്തലാക്കിയതും തദ്ദേശ സ്ഥാപനങ്ങളുടെ സഹായം മുടങ്ങിയതുമാണ് ഹോട്ടലുകള്‍ പൂട്ടാൻ കാരണമായി കുടുംബശ്രീ അധികൃതർ പറയുന്നത്. ഒരു ഊണിന് 10 രൂപയായിരുന്നു സബ്സിഡി. പാചകവാതകം അരി, പച്ചക്കറി എന്നിവയുടെ വില വിലവർദ്ധനവ്, കെട്ടിട വാടക, വൈദ്യുതിച്ചാർജ്, വാട്ടർ ചാർജ് എന്നിവ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നു കൃത്യമായി കിട്ടാതായത് സ്ഥിതി കൂടുതല്‍ വഷളാക്കി. ഉപജീവന മാർഗമായതിനാല്‍ പല കുടുംബശ്രീ യൂണിറ്റുകളും പിടിച്ചു നില്‍ക്കാൻ നോക്കിയെങ്കിലും വിലക്കയറ്റവും പാചക വാതക ക്ഷാമവും സംരഭം മുന്നോട്ടു കൊണ്ടുപോകാൻ തടസമായി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!