ഇന്തോനേഷ്യയിൽ 240-ലധികം യാത്രക്കാരുമായി പോയ കപ്പൽ മുങ്ങി ; തിരച്ചിൽ തുടരുന്നു

ഇന്തോനേഷ്യയിലെ ജാവ കടലിൽ 243 ആളുകളുമായി സഞ്ചരിച്ചിരുന്ന യാത്ര കപ്പലായ ‘വിർഗോ ട്രാൻസ്പോർട്ട് 8’ മോശം കാലാവസ്ഥയെ തുടർന്ന് മറിഞ്ഞു. കിഴക്കൻ ജാവയിലെ സുരബായയിൽ നിന്ന് ബോർണിയോ ദ്വീപിലെ തെക്കൻ കാളിമന്ദാനിലുള്ള ബഞ്ചാർമാസിനിലേക്ക് പോവുകയായിരുന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കപ്പലുമായുള്ള വാർത്താവിനിമയ ബന്ധം പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടത്. അപകട സമയത്ത് കടലിൽ മൂന്ന് മീറ്ററിലധികം ഉയരത്തിൽ ശക്തമായ തിരമാലകൾ ഉണ്ടായിരുന്നുവെന്നും കപ്പൽ ഒരു വശത്തേക്ക് ചരിഞ്ഞുപോയതായും ക്യാപ്റ്റൻ നേരത്തെ സന്ദേശം അയച്ചിരുന്നു.

 

കപ്പലിൽ 213 യാത്രക്കാരും 30 ജീവനക്കാരും അടക്കം ആകെ 243 പേർ ഉണ്ടായിരുന്നെന്നാണ് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നത്. ബന്ധം നഷ്ടപ്പെട്ട് രണ്ട് മണിക്കൂറിന് ശേഷം കപ്പൽ കമ്പനി അധികൃതർ തിരച്ചിൽ ഏജൻസികളെ വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിച്ച ഉടൻ തന്നെ ബഞ്ചാർമാസിൻ രക്ഷാപ്രവർത്തന കേന്ദ്രത്തിൽ നിന്നും പ്രത്യേക സംഘത്തെയും കപ്പലുകളെയും ദുരന്തമുഖത്തേക്ക് അയച്ചു. ബഞ്ചാർമാസിൻ തീരത്ത് നിന്ന് ഏകദേശം 148 കിലോമീറ്റർ അകലെ വെച്ചാണ് കപ്പൽ അവസാനമായി സിഗ്നൽ നൽകിയത്.

 

ഞായറാഴ്ച വൈകുന്നേരത്തോടെ സമീപത്തുണ്ടായിരുന്ന മറ്റ് കപ്പലുകളുടെയും ടഗ് ബോട്ടുകളുടെയും സഹായത്തോടെ 102 പേരെ രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട ഒരു യാത്രക്കാരന്റെ മൃതദേഹം വെള്ളത്തിൽ നിന്ന് കണ്ടെടുത്തു. ബാക്കിയുള്ള 140-ഓളം ആളുകൾക്കായി കടലിൽ വ്യാപകമായ തെരച്ചിൽ തുടരുകയാണ്. പതിനേഴായിരത്തിലധികം ദ്വീപുകളുള്ള ഇന്തോനേഷ്യയിൽ കപ്പൽ ഗതാഗതം സർവ്വസാധാരണമാണെങ്കിലും സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തതിനാൽ ഇത്തരത്തിലുള്ള അപകടങ്ങൾ പതിവായി റിപ്പോർട്ട് ചെയ്യാറുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!