ബത്തേരി :സുൽത്താൻബത്തേരി പോലീസ് സ്റ്റേഷനിലെ സ്റ്റോറൂമിൽ നിന്നും 7 ചാക്ക് ഹാൻസ് മോഷ്ടിച്ച സംഭവത്തിൽ പിടിയിലായ സീനിയർ സിവിൽ പോലീസ് ഓഫീസർ സബിത്തിനെ 14 ദിവസത്തേക്ക് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു. ഇയാളെ അടുത്തദിവസം കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവുകൾ എറണാകുളം മഞ്ഞുമ്മലിലെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന സബിത്തിനെ ഇന്നലെ രാവിലെ അന്വേഷണസംഘം പിടികൂടി.
തുടർന്ന് രാത്രിയോടെ സുൽത്താൻബത്തേരിയിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുകയായിരുന്നു. സുഹൃത്ത് ബന്ധങ്ങൾ ഉപയോഗിച്ച് പലയിടത്തും ഒളിവിൽ താമസിച്ച സബിത്തിനെ അന്വേഷണസംഘം വലയിലാക്കിയത്. ഒളിവിൽ കഴിയുന്നതിനിടെ ദൃശ്യമാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ലഹരിവസ്തുക്കൾ നിറച്ച ചാക്കുകൾ പോലീസ് ക്വാർട്ടേഴ്സിലെ ഒരു റൂമിൽ വെച്ചിട്ടുണ്ടെന്ന് സബിത്ത് വെളിപ്പെടുത്തിയിരുന്നു. ഇയാളെ കസ്റ്റഡിയിൽ എടുത്താൽ ആദ്യം ഇതുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലും തെളിവെടുപ്പുമായിരിക്കും നടക്കുക.
സബിത്തുമായി ബന്ധം പുലർത്തിയവരെയും ഏതൊക്കെ വിധത്തിലുള്ള സഹായങ്ങളാണ് ലഭിച്ചത് എന്നതിനെ കുറിച്ചുള്ള അന്വേഷണവും നടക്കും എന്നാണ് അറിയുന്നത്. കണ്ണൂർ ഡിഐജി കെ കാർത്തിക്കിൻ്റെ നിർദ്ദേശപ്രകാരം വയനാട് ജില്ലാ പോലീസ് മേധാവി എസ് ദേവമനോഹറിൻ്റെ മേൽനോട്ടത്തിൽ സുൽത്താൻബത്തേരി ഡിവൈഎസ്പി എം.എം അബ്ദുൾ കരീമിൻ്റെ 20 അംഗ സംഘമാണ് സബിത്തിനെ പിടികൂടിയത്.
