അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് കനത്ത മഴയിലും മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പെട്ട് ഒൻപത് മരണം 

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പെട്ട് മരിച്ചവരുടെ എണ്ണം ഒൻപതായി ഉയർന്നതായി ദുരന്തനിവാരണ വിഭാഗം അറിയിച്ചു. മലപ്പുറം ജില്ലയിലെ ചോക്കാട് പൂക്കോട്ടുപാടം ടി കെ കോളനിക്ക് സമീപം കോട്ടപ്പുഴയിലുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി വർദ്ധിച്ചു.

 

കാണാതായവർക്കായി സൈന്യവും എൻഡിആർഎഫും പ്രാദേശിക രക്ഷാപ്രവർത്തകരും നടത്തിയ തിരച്ചിലിൽ പൊട്ടിക്കൽ ഭാഗത്ത് നിന്നാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. കരയിൽ കനത്ത മഴയില്ലാത്ത സമയത്ത് വനമേഖലയിലുണ്ടായ ശക്തമായ മഴയാണ് പുഴയിൽ പെട്ടെന്ന് പ്രളയസമാനമായ സാഹചര്യമുണ്ടാക്കിയത്.

 

മലപ്പുറത്തിന് പുറമേ ഇടുക്കി, കോട്ടയം ജില്ലകളിലും മഴക്കെടുതി രൂക്ഷമായ നാശനഷ്ടങ്ങളാണ് വിതച്ചിരിക്കുന്നത്. ഇടുക്കി വട്ടവട കൊട്ടക്കാമ്പൂരിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ കൃഷിഷെഡിൽ ഇരിക്കുകയായിരുന്ന രണ്ട് സഹോദരങ്ങൾ ദാരുണമായി മരണപ്പെട്ടു. കൂടാതെ കോട്ടയം ഈരാറ്റുപേട്ട-വാഗമൺ റോഡിൽ വേലത്തുശ്ശേരിയിൽ യാത്രക്കാർ സഞ്ചരിച്ച വാഹനം മണ്ണും പാറയും വീണ് അപകടത്തിൽപെട്ടും പൂഞ്ഞാറിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണും മറ്റ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോഡ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് ചില മലയോര മേഖലകൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

 

മഴയും മണ്ണിടിച്ചിൽ ഭീഷണിയും കനത്ത സാഹചര്യത്തിൽ ഇടുക്കി ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ രാത്രികാല യാത്രാ നിരോധനവും വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനും അപകടനില നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും ജില്ലാ കളക്ടർമാർക്ക് സർക്കാർ നിർദ്ദേശം നൽകി. പൊതുജനങ്ങൾ നദികളിലോ ജലാശയങ്ങളിലോ ഇറങ്ങരുതെന്നും അധികൃതർ നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അഭ്യർത്ഥിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!