കൊച്ചി:വിമാനത്തില്‍ വന്ന് മോഷണം നടത്തുന്ന അന്തര്‍സംസ്ഥാന സംഘം പൊലീസിന്റെ വലയില്‍. 11 പേരെയാണ് പലയിടങ്ങളില്‍ നിന്നായി പൊലീസ് പിടികൂടിയത്. ഉത്തര്‍പ്രദേശ് സ്വദേശികളാണ് പിടിയിലായ പ്രതികള്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിമാനമാര്‍ഗം കേരളത്തിലേക്ക് എത്തി അവിടെ നിന്നും വിവിധ ജില്ലകളിലേക്ക് സംഘമായി തിരിഞ്ഞാണ് പ്രതികള്‍ മോഷണം നടത്തിയിരുന്നത്.
മോഷണ ശേഷം ഒരുമിച്ച് വിമാനം കയറി തിരികെ പോകുന്നതാണ് പ്രതികളുടെ രീതി. ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍, ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ എന്നിവിടങ്ങളില്‍ നിന്ന് കോപ്പര്‍ വയറുകള്‍ ശേഖരിച്ച് വില്‍ക്കുകയായിരുന്നു മോഷ്ടാക്കളുടെ ലക്ഷ്യമെന്നാണ് പ്രാഥമിക കണ്ടെത്തല്‍.
ഇവരുടെ കയ്യില്‍ നിന്നും പണവും എടിഎം കാർഡുകളും കട്ടറുകളും സ്‌ക്രൂ ഡ്രൈവുകളും ഉൾപ്പടെ കണ്ടെത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്നും ബൈക്കുകളും മറ്റും ട്രെയ്നിൽ കയറ്റി കേരളത്തില്‍ എത്തിച്ച് അതില്‍ കറങ്ങിയാണ് പ്രതികള്‍ മോഷണം നടത്തിയിരുന്നത്.
സംഘത്തിലെ ചിലർക്കെതിരെ സമാന മോഷണക്കേസുകൾ തൃക്കാക്കര സ്റ്റേഷനിലുണ്ടെന്നാണ് വിവരം. മറ്റു ജില്ലകളിൽ സംഘം നടത്തിയിട്ടുള്ള മോഷണങ്ങളെക്കുറിച്ചും അന്വേഷണം തുടരുകയാണ്. കൊച്ചി ഡിസിപി അരുൺ പവിത്രൻ, എസിപി ബി ജോയ് ചന്ദ്രൻ തുടങ്ങിയവരടങ്ങുന്ന സംഘവും തൃശൂർ ഈസ്റ്റ് പൊലീസ്, കളമശേരി ഷാഡോ ടീം, കണ്ണൂർ സിറ്റി ക്രൈം ടീം എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
